കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ന് (ഓഗസ്റ്റ് 28) കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനേയും കാണും. ബെംഗളൂരുവിൽ ഇരുവരുടെയും വസതികളിൽ എത്തിയാണ് കൂടിക്കാഴ്‌ച. കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരും ബന്ധുക്കളെ അനുഗമിക്കും.
തെരച്ചിലിന് ഡ്രഡ്‌ജർ ഉൾപ്പെടെ എത്തിക്കാനുള്ള നിർദേശം നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഇതിന് ഒരു കോടിയോളം രൂപ ചെലവ് വരും എന്നായിരുന്നു ജില്ല ഭരണകൂടം വ്യക്തമാക്കിയത്. ഈ തുക അനുവദിച്ച് നടപടികൾ വേഗത്തിലാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടും.
മഴ കുറഞ്ഞതിനാലും പുഴയിലെ ഒഴുക്ക് അല്‍പം കുറഞ്ഞതിനാലും തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണം എന്നാണ് കുടുംബത്തിൻ്റെ ആവശ്യം. നേരത്തെ കേരളത്തിൻ്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥനെ തെരച്ചിലിന് മേൽനോട്ടം വഹിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു. രണ്ടാംഘട്ട തെരച്ചിലിൽ വെള്ളത്തിനടിയിൽ നിന്ന് ലോറിയുടെ ചില ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.
Also Read: അര്‍ജുന്‍ മിഷന്‍: 'തെരച്ചില്‍ അനിശ്ചിതത്വത്തിലെന്ന്' കുടുംബം; വീട് സന്ദര്‍ശിച്ച് വിഡി സതീശന്‍