തൃശൂർ: അരിമ്പൂരിൽ ബൈക്കിൽ ബസിടിച്ച് കണ്ണപുരം സ്വദേശിയായ യുവാവ് മരിച്ചു. സ്നേഹതീരം ബീച്ച് കാണാൻ സഹോദരനൊപ്പം ബൈക്കിൽ പോയ യുവാവാണ് മരിച്ചത്. ചേറ്റുപുഴ കണ്ണപുരം സ്വദേശി അഭിജിത്ത് (21) ആണ് മരിച്ചത്.
സഹോദരൻ അക്ഷയ്‌ക്ക് പരിക്കേറ്റു. നാലാംകല്ല് പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്. അക്ഷയ് ആണ് ബൈക്ക് ഓടിച്ചിരുന്നത്.
ഇന്ധനം നിറച്ച ശേഷം റോഡിലേക്ക് കയറിയ ബൈക്കിൽ പുറകിൽ നിന്നെത്തിയ 'കിരൺ' എന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പുറകിൽ ഇരുന്നിരുന്ന അഭിജിത്തിന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശോഭ സിറ്റിയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച അഭിജിത്ത്. അച്‌ഛൻ: ജയൻ, അമ്മ: ബിന്ധ്യ.
സുരക്ഷയ്‌ക്കായി റോഡില്‍ കെട്ടിയ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം: കൊച്ചിയിൽ റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. പ്രധാനമന്ത്രി കൊച്ചിയിലെത്തിയതിൻ്റെ ഭാഗമായുള്ള സുരക്ഷ തയ്യാറെടുപ്പുകളുടെ ഭാഗമായി റോഡിൽ പൊലീസ് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങിയാണ് സ്‌കൂട്ടർ യാത്രികനായ വടുതല സ്വദേശി മനോജ് ഉണ്ണി മരിച്ചത്. റോഡിൽ തലയടിച്ച് വീണതിനെ തുടര്‍ന്ന് മനോജിന്‍റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജ് ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. ഏപ്രിൽ 14 ന് രാത്രി പത്തുമണിയോടെയായിരുന്നു അപകടം. സുരക്ഷ മുൻകരുതലിൻ്റെ ഭാഗമായി ചെറിയ റോഡുകളിൽ നിന്നും എം ജി റോഡിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിൻ്റ ഭാഗമായി എസ് എ റോഡിൽ നിന്നും എം ജി റോഡിലേക്കുള്ള പ്രവേശനം കയർ കെട്ടി തടഞ്ഞിരുന്നു.
ഇരു ചക്ര വാഹനത്തിൽ വേഗത്തിലെത്തിയ മനോജ് ഈ കയറിൽ കുരുങ്ങി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് അപകടത്തിനെ പറ്റി പൊലീസ് നൽകിയ വിശദീകരണം. പൊലീസുകാര്‍ തന്നെയാണ് മനോജ് ഉണ്ണിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ചികിത്സയിലിരിക്കെ മനോജ് പുലർച്ചെ ഒന്നരയോടെ മരിക്കുകയായിരുന്നു.