തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ കേസ് നടത്താന്‍ സംസ്ഥാനത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ചെലവിട്ട ഒരു കോടി 13 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഉത്തരവ്. സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ തുക തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ട് വിസി മാർക്ക് നോട്ടിസ് അയച്ചു. തുക തിരിച്ചടച്ച ശേഷം റിപ്പോർട്ട് ചെയ്യണം.
ഒരു കോടി 13 ലക്ഷം രൂപയായിരുന്നു കേസ് നടത്താൻ സർവകലാശാല വിസിമാർ ചെലവിട്ടത്. കണ്ണൂർ വിസി 69 ലക്ഷവും, കുഫോസ് വിസി 36 ലക്ഷവും, സാങ്കേതിക സര്‍വകലാശാല വിസി ഒന്നര ലക്ഷവും, കലിക്കറ്റ് സര്‍വകലാശാല വിസി 4.25 ലക്ഷവും, മലയാളം സര്‍വകലാശാല വിസി ഒരുലക്ഷവും കുസാറ്റ് വിസി 77,500 രൂപയുമാണ് ചെലവാക്കിയത്.
എന്നാൽ സർക്കാർ പണം കൊണ്ട് കേസ് നടത്തേണ്ട എന്ന് ചൂണ്ടിക്കാട്ടി ഗവർണർ വിസിമാർക്ക് നോട്ടിസ് നൽകി. വിഷയം ഉന്നയിച്ച് നടപടി ആവശ്യപ്പെട്ട് എബിവിപി ഗവർണർക്ക് ഇന്നലെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Also Read: സ്‌ത്രീകൾക്കെതിരായ അതിക്രമം, പാർട്ടി പ്രവർത്തകർ ഉൾപ്പെട്ട കേസുകൾ; സഭയിൽ ഭരണപക്ഷ-പ്രതിപക്ഷ വാക്കേറ്റം