എറണാകുളം: ഒമ്പതാം ക്ലാസ് വിദ്യാർഥി അനുഗ്രഹയ്ക്ക് കൃഷി കുട്ടിക്കളിയല്ല. ഒന്നരയേക്കറിൽ കൃഷിയിറക്കി വിജയഗാഥ തീർത്താണ് അനുഗ്രഹ നാട്ടിലെ താരമായത്. തണ്ണിമത്തൻ, വിവിധയിനം പയർ, കൂർക്ക, ചീര, വാഴ, ചേന, ചെറുകിഴങ്ങ് തുടങ്ങിയവ ജൈവ കൃഷി ചെയ്ത് നൂറുമേനി വിളയിക്കാൻ കഴിഞ്ഞതോടെയാണ് കുട്ടിക്കർഷകയെ തേടി അംഗീകാരങ്ങളെത്തിയത്.
കഴിഞ്ഞ ചിങ്ങം ഒന്നിന് കോതമംഗലം മുനിസിപ്പാലിറ്റി വിദ്യാർഥി കർഷകയായി അനുഗ്രഹയെ ആദരിച്ചിരുന്നു. കോതമംഗലം സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ അനുഗ്രഹ തന്റെ ഒഴിവ് ദിവസങ്ങളും സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ലഭിക്കുന്ന സമയവുമാണ് പാടത്ത് വിനിയോഗിക്കുന്നത്.
ഒഴിവ് സമയങ്ങളിലെല്ലാം കൃഷി നനച്ചും വളമിട്ടും പുല്ലുപറിച്ചുമെല്ലാം കൃഷിയിടത്തിൽ തന്നെയാണ് അനുഗ്രഹ സമയം വിനിയോഗിക്കുന്നത്. വിഷ രഹിത പച്ചക്കറികൾ എല്ലാവരും ശീലിക്കണമെന്നും എല്ലാ കുട്ടികളും കൃഷി ചെയ്യാൻ രംഗത്ത് വരണമെന്നുമാണ് അനുഗ്രഹ പറയുന്നത്. കൃഷിയെ കുറിച്ച് വാചകമടിക്കുന്നവർക്കിടയിൽ പ്രവർത്തനത്തിലൂടെയാണ് അനുഗ്രഹ വ്യത്യസ്ഥയാകുന്നത്. പേന പിടിക്കുന്ന കയ്യിൽ കൃഷിയും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ കൊച്ചു മിടുക്കി.
കൃഷിയിൽ വലിയ നേട്ടമുണ്ടാക്കിയ അനുഗ്രഹ നാടിന് അഭിമാനവും മാതൃകയുമാണെന്ന് അധ്യാപിക ടിഷു ജോസഫ് അഭിപ്രായപ്പെട്ടു. കുട്ടി കർഷകയായാണ് അനുഗ്രഹ അറിയപ്പെടുന്നതെങ്കിലും മുതിർന്ന കർഷകർ ചെയ്യുന്നതെല്ലാം അവൾ ചെയ്യുന്നുണ്ട്. ഭാവിയിൽ ഒരു കൃഷി വിദഗ്ധയായി അവൾ മാറട്ടെയെന്നും അവർ ആശംസിച്ചു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം നഴ്സായ അനുഗ്രഹയുടെ അമ്മയും നല്ലൊരു കർഷകയാണ്. സൗദിയിൽ ജോലി ചെയ്യുന്ന കാലത്ത് മരുഭൂമിയിൽ കൃഷി ചെയ്ത് വിളവെടുത്ത അനുഭവവും അവർക്ക് ഉണ്ട്. അനുഗ്രഹ വളർന്നത് കൃഷികൾ കണ്ടാണ്. വളരെ ചെറുപ്പത്തിൽ തന്നെ കൃഷിയിടത്തിൽ ഒപ്പം കൂട്ടിയതുകൊണ്ടാകാം കൃഷിയിൽ മകൾക്കും താത്പര്യവും അറിവും ഉണ്ടായതെന്ന് മാതാവ് സ്മിത വ്യക്തമാക്കി.
പാടത്തിറങ്ങി പണിയെടുക്കാൻ മടിക്കുന്നവർക്ക് മുമ്പിലാണ് ഒമ്പതാം ക്ലാസുകാരിയുടെ കൃഷി ചർച്ചയാകുന്നത്. ഒന്നരയേക്കറോളം വ്യാപിച്ച് കിടക്കുന്ന കൃഷിയിടത്തിൽ വിവിധതരം തണ്ണിമത്തനുകൾ വിളഞ്ഞു കിടക്കുന്നതാണ് അനുഗ്രഹിയുടെ കൃഷിയിടത്തിന്റെ ആകർഷണിയത.
കൃഷി ഓഫിസിൽ നിന്ന് ലഭിച്ച തൈകൾക്ക് പുറമെ സ്വന്തമായി വിത്ത് മുളപ്പിച്ചെടുത്തും കൃഷി ചെയ്യുകയാണ്. ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത കുട്ടി കർഷകയുടെ പച്ചക്കറികൾ വാങ്ങാൻ ധാരാളം ആവശ്യക്കാരുണ്ട്. ഇക്കോ ഷോപ്പ് വഴിയും വിപണനം നടത്തുന്നുണ്ട്. അച്ഛൻ ജിസും അമ്മ സ്മിതയും അനിയത്തി രണ്ടാം ക്ലാസ് വിദ്യാർഥിനി ആരാധ്യയും അനുഗ്രഹയുടെ കൃഷിയിടത്തിൽ പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.
Also Read: ചീര വിത്തിടാന്‍ ഉറുമ്പ് സമ്മതിക്കുന്നില്ലേ?; ശല്യം തീര്‍ക്കാന്‍ ഇതാ പൊടിക്കൈ