തിരുവനന്തപുരം : ഇ ബസ് നഷ്‌ടത്തിലാണെന്ന് ഏത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് ആന്‍റണി രാജു എംഎല്‍എ (Antony Raju MLA Critisize The Opposition). സഭയിൽ നിലവിലെ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ അസാന്നിധ്യത്തിലായിരുന്നു ആന്‍റണി രാജു പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിച്ചത്. അന്ധൻ ആനയെ കാണാത്തത് പോലെയാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ആന്‍റണി രാജു പറഞ്ഞു.
പുരോഗമന വികസനം തടയാൻ പ്രതിപക്ഷം ഗൂഢനീക്കം നടത്തുന്നുവെന്നും ആന്‍റണി രാജു ആരോപിച്ചു. എന്നാല്‍ ഇ ബസ് നഷ്‌ടമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എന്ത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങൾ അങ്ങനെ പറഞ്ഞതെന്നും, പ്രതിപക്ഷം കഥ അറിയാതെ ആട്ടം കാണുകയാണെന്നും ആന്‍റണി രാജു പറഞ്ഞു. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന പോലെ പ്രതിപക്ഷം എന്തൊക്കെയോ വിളിച്ച് പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പദ്ധതി വിജയിക്കും, നിങ്ങൾ ഇട്ടാൽ ബെർമൂഡ ഞങ്ങൾ ഇട്ടാൽ വള്ളിക്കളസം' എന്നതാണ് പ്രതിപക്ഷ നയമെന്നും ആന്‍റണി രാജു പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ നന്ദി പ്രമേയ പ്രസംഗത്തിനിടെയായിരുന്നു മുൻ ഗതാഗത മന്ത്രി ഇലക്‌ട്രിക് ബസ് ലാഭകരമാണെന്ന് സമർഥിച്ചത്.
ഇലക്‌ട്രിക് ബസ് നഷ്‌ടത്തിലാണെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്‌താവന വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മുൻ ഗതാഗത മന്ത്രിയുടെ പ്രസ്‌താവന പ്രതിപക്ഷത്തിനുള്ളതല്ലെന്ന് ആന്‍റണി രാജുവിന് പിന്നാലെ നന്ദി പ്രമേയ പ്രസംഗത്തിനിടെ ലീഗ് എംഎല്‍എ പികെ ബഷീറും വിമർശിച്ചു.
ALSO READ : നിയമസഭയിൽ നാടകീയ രംഗങ്ങൾ ; നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ടില്‍ ഒതുക്കി സഭ വിട്ട് ഗവർണർ