പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ല വരണാധികാരിയായ കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന് മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. തുടര്‍ന്ന് കലക്‌ടറുടെ മുന്നില്‍ സത്യപ്രസ്‌താവനയും നടത്തി.
കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി. ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികള്‍ക്ക് സ്‌റ്റീല്‍ വാട്ടര്‍ ബോട്ടിലും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിതചട്ടത്തിന്‍റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപുസ്‌തകവും ജില്ല കലക്‌ടര്‍ സ്ഥാനാര്‍ഥിക്ക് നല്‍കി.
ആന്‍റോ ആന്‍റണിക്കൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍, മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍, പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ ഇ അബ്‌ദുള്‍ റഹ്‌മാന്‍ എന്നിവരും എത്തിയിരുന്നു.
Also Read: പത്തനംതിട്ട പിടിക്കാന്‍ അനിൽ ആന്‍റണി; നാമനിർദേശ പത്രിക സമർപ്പിച്ചു