പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനെതിരെ രൂക്ഷ പ്രതികരണവുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണി. പി ജെ കുര്യന്‍റെ കേസ് ഒത്തുതീർപ്പാക്കിയത് ദല്ലാൾ നന്ദകുമാറാണെന്നും നന്ദകുമാറിനെ പരിചയപ്പെടാനുള്ള റഫറന്‍സ് പി ജെ കുര്യനെന്നും അനില്‍ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
പരാജയ ഭീതിയില്‍ കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണ്. വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് താന്‍ പ്രചാരണത്തിനിറങ്ങിയത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലാത്തതിനാല്‍ ഒരു കാരണവശാലും ഈ വിഷയം ചര്‍ച്ചയാക്കരുതെന്നാണ് ആന്‍റോ ആന്‍റണിയും കൂട്ടരും വാശിയോടെ നിലപാടെടുക്കുന്നത്.
തന്നെ പരാജയപ്പെടുത്താനായി ആദ്യം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ പത്തനംതിട്ടയില്‍ കൊണ്ടു വന്ന് പ്രചാരണം നടത്തി. അതിനുശേഷം പി ജെ കുര്യന്‍ തമ്പടിച്ച് പ്രചാരണം നടത്തിയെങ്കിലും അതും നനഞ്ഞ പടക്കമായി. അതിനുശേഷമാണ് സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച തന്‍റെ പിതാവ് എ കെ ആന്‍റണിയെക്കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിച്ചത്. എന്നാല്‍ അതും ഏറ്റില്ല. അതിനുശേഷമാണ് കേരള സമൂഹത്തില്‍ തന്നെ അറിയപ്പെടുന്ന ക്രിമിനല്‍ ആയ നന്ദകുമാര്‍ എന്നയാളെക്കൊണ്ട് നിലവാരം കുറഞ്ഞ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നത്. പല കേസുകളിലെ പ്രതിയാണ് അയാളെന്നും അനിൽ ആന്‍റണി പറഞ്ഞു.
നന്ദകുമാറിനെ പത്തു പന്ത്രണ്ടു വര്‍ഷം മുമ്പ് പരിചയപ്പെട്ടിട്ടുണ്ട്. സ്‌റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന കാലത്ത് വെക്കേഷന്‍ സമയത്ത് വന്നപ്പോഴാണ് റസ്‌റ്റോറന്‍റില്‍ വെച്ച് നന്ദകുമാറിനെ പരിചയപ്പെടുന്നത്. നന്ദകുമാറിനെ പരിചയപ്പെടാനുള്ള റഫറന്‍സ് പി ജെ കുര്യനാണ്. ഇല്ലെങ്കില്‍ അദ്ദേഹം പറയട്ടെ. കുര്യന്‍ സാറിന്‍റെ ആളാണെന്ന് പറഞ്ഞാണ് നന്ദകുമാര്‍ പരിചയപ്പെട്ടത്. അവിടെ വെച്ചു തന്നെ അദ്ദേഹം പി ജെ കുര്യനെ ഫോണില്‍ വിളിച്ചു തന്നുവെന്നും അനില്‍ ആന്‍റണി പറഞ്ഞു.
ഇടയ്ക്കിടെയെല്ലാം നന്ദകുമാര്‍ തന്നെ വന്നു കണ്ടിരുന്നു. പലപ്പോഴും വന്നിരുന്നത് നടക്കാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണം, ജഡ്‌ജിയെ പോസ്‌റ്റ് ചെയ്യണം എന്നൊക്കെയാണ് ആവശ്യപ്പെട്ടിരുന്നത്. ഇയാളുമായി യാതൊരു ബന്ധവുമില്ല. കുര്യന്‍ സാറിനെതിരെ എല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു കേസുണ്ടായിരുന്നു. അത് ഒത്തുതീര്‍പ്പാക്കിയത് ഈ നന്ദകുമാര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അനില്‍ ആന്‍റണി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് വ്യക്തമായിട്ട് അറിയാം. കുതികാല്‍ വെട്ടിന്‍റെയും ചതിയുടേയും മാത്രം ഇടമായി കുറേനാളായി കോണ്‍ഗ്രസ് മാറിയിട്ട്. ലീഡര്‍ കെ കരുണാകരന്‍റെ രാജി, എ കെ ആന്‍റണിയുടെ രാജി, കുതികാല്‍വെട്ടിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഇല്ലാതാക്കിയത് എന്നിവയിലെല്ലാം ഒരേപോലെ പങ്കുള്ള രണ്ടു മൂന്നു കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് പി ജെ കുര്യന്‍ എന്ന് അനില്‍ ആന്‍റണി ആരോപിച്ചു.
പി ജെ കുര്യന്‍റെ ശിഷ്യനായ ആന്‍റോ ആന്‍റണിയാണ് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. അനില്‍ ആന്‍റണിക്ക് നെറികെട്ടവര്‍ കാണിക്കുന്നതുപോലെ വ്യാജ വാര്‍ത്ത ഉണ്ടാക്കേണ്ട കാര്യമില്ല. അനില്‍ ആന്‍റണിയെയും എ കെ ആന്‍റണിയെയും ഒരുമിച്ച് ചതിക്കാന്‍ പി ജെ കുര്യനും കൂട്ടരും ചെയ്യുന്ന കാര്യങ്ങളാണിതെല്ലാം. തോല്‍ക്കുമെന്ന് ഉറപ്പായതോടെ, ന്യൂനപക്ഷങ്ങളുടെ വോട്ടിന് വേണ്ടി പാകിസ്ഥാന്‍റെ തീവ്രവാദ ശ്രമങ്ങളെപ്പോലും വെള്ളപൂശാന്‍ ശ്രമിച്ച വ്യക്തിയാണ് ആന്‍റോ ആന്‍റണിയെന്നും അനില്‍ ആന്‍റണി പറഞ്ഞു.
ഒരു മുന്‍ പ്രതിരോധമന്ത്രി അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ വന്നത് വളരെ മോശമായിപ്പോയി എന്നും ആന്‍റോ ആന്‍റണിയുടെ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച് അനില്‍ പറഞ്ഞു. മേലുകാവ് ബാങ്കില്‍ നിന്നും, 69 പേരുടെ കയ്യില്‍ നിന്നും വായ്‌പ എടുത്ത് ആന്‍റോ ആന്‍റണിയുടെയുടെ സഹോദരന്‍ 12 കോടി തട്ടിയെടുത്തു. മുന്നിലവ് ബാങ്ക്, തീക്കോയിയിലെ ബാങ്ക് എന്നിങ്ങനെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നായി ആന്‍റോ ആന്‍റണിയുടെ കുടുംബാംഗങ്ങള്‍ തട്ടിപ്പു നടത്തി. എന്നാല്‍ ഇതു അങ്ങാടിപ്പാട്ടാകാത്തത് പി ജെ കുര്യനും, ആന്‍റോ ആന്‍റണിയുമെല്ലാം അഡ്‌ജസ്‌റ്റ്മെന്‍റ് രാഷ്ട്രീയത്തില്‍ പോകുന്നതു കൊണ്ടാണെന്നും അനില്‍ ആന്‍റണി പ്രതികരിച്ചു.