മലപ്പുറം: എല്ലാ മേഖലകളിലെ സർക്കാർ സംവിധാനങ്ങൾക്കും സഹായമായി പ്രവർത്തിക്കുന്ന അങ്കണവാടി ജീവനക്കാർക്ക് ഹോണറേറിയമായി പ്രതിമാസം ലഭിക്കുന്നത് 13,000 രൂപ മാത്രം. സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ ജീവനക്കാരാണ് അവഗണനയിൽ കഴിയുന്നത്. വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോഴും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മാർഗമില്ലാതെ കഷ്‌ടപ്പെടുകയാണ് ഇവർ.
40 വർഷമായി ജോലി ചെയ്യുന്നവർക്ക് പോലും ഇപ്പോഴും ലഭിക്കുന്നത് ഹോണറേറിയം മാത്രമാണ്. തങ്ങളെ സർക്കാർ അംഗീകരിച്ച് മാസ ശമ്പളം നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഈ ന്യായമായ ആവശ്യം സർക്കാർ അംഗീകരിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇവർ. മാസം 25,000 രൂപയും അതിന് ആനുപാതികമായ പെൻഷൻ വേണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നുണ്ട്.
വർഷങ്ങളോളം ജോലി ചെയ്‌ത് പെൻഷൻ വാങ്ങുന്നവർക്ക് ഇപ്പോൾ പെൻഷനായി ലഭിക്കുന്നത് 2,500 രൂപ മാത്രമാണ്. കൂടാതെ പ്രതിമാസം 500 രൂപ ക്ഷേമനിധി ഫണ്ടിലേക്കും ഈടാക്കിയിരുന്നു. ആഴ്‌ചയിൽ 6 ദിവസം ജോലി ചെയ്യുന്ന ഇവർക്ക് തുച്‌ഛമായ ഹോണറേറിയം മാത്രം ലഭിക്കുമ്പോൾ സർക്കാർ അവധി ദിവസങ്ങളിൽ പോലും ജോലി ചെയ്യേണ്ട അവസ്ഥയാണിവർക്കുള്ളത്.
ഏറ്റവും കൂടുതൽ ദിവസം ജോലി ചെയ്യുന്നവരും ഇവർ തന്നെയാണ്. വർഷങ്ങളായി അങ്കണവാടി ജീവനക്കാരായി ജോലി ചെയ്യുന്ന ഇവർ നേരിടുന്ന അവഗണന ഒട്ടും ചെറുതല്ല. സർക്കാരിന്‍റെ എല്ലാ പൊതുജന സർവേകൾക്കും ചുക്കാൻ പിടിക്കേണ്ടതും ഇവരാണ്. കെ കെ ശൈലജ മന്ത്രിയായിരുന്നപ്പോൾ ഹോണറേറിയം പ്രതിമാസം 17,000 രൂപയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും ലഭിക്കുന്നത് 13,000 രൂപ മാത്രമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശമ്പളക്കാരായി അങ്കണവാടി ജീവനക്കാരെ അംഗീകരിക്കാത്തതിനാൽ ഇവർ എത്ര വർഷം ജോലി ചെയ്‌താലും സീനിയോരിറ്റി ലഭിക്കില്ല എന്നതും പ്രശ്‌നമാണ്. 40 വർഷം മുമ്പ് ജോലിയിൽ കയറിയവർക്കും പുതിയ നിയമനത്തിനും ഒരേ ഹോണറേറിയം തന്നെ. കുട്ടികൾക്ക് ഭക്ഷണം നൽകാൻ ഒരു കുട്ടിക്ക് 5 രൂപ വെച്ചാണ് സർക്കാർ നൽകുന്നത്.
എന്നാൽ ഭക്ഷ്യസാധനങ്ങളുടെയും പച്ചക്കറികളുടെയും വില കുതിച്ച് ഉയരുന്നതിനാൽ തങ്ങൾക്ക് ലഭിക്കുന്ന തുച്‌ഛമായ ഹോണറേറിയത്തിൽ നിന്നും ഒരു വിഹിതം കൂടി നൽകേണ്ട അവസ്ഥയും ഉണ്ട്. കൂടാതെ ഗ്യാസ് വൈദ്യുതി ചാർജ് ഉൾപ്പെടെ നൽകേണ്ട അവസ്ഥയുമുണ്ടെന്നും ഇവർ പറയുന്നു.
ഇവരുടെ ജോലി ഭാരവും സേവനവും കണക്കിലെടുത്ത് കുറഞ്ഞത് 25,000 രൂപയെങ്കിലും സർക്കാർ നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഹോണറേറിയം എന്നത് മാറ്റി ശമ്പളമാക്കി അവരെ അംഗീകരിക്കുകയും വേണമെന്നും ഇവർ പറയുന്നു. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ഇവർ ചോദിക്കുന്ന പ്രധാനമായ ഒരു ചോദ്യം ഞങ്ങളും മനുഷ്യരല്ലേ, ഞങ്ങളുടെ സേവനത്തിനും അർഹമായ വേതനം നൽകണ്ടെ എന്നാണ്.
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകുന്ന അങ്കണവാടി ജീവനക്കാരുടെ ന്യായമായ ആവശ്യത്തിന് കാലതാമസം വരുത്താതെ സർക്കാർ നടപടി സ്വീകരിക്കണം. ജീവനക്കാർക്ക് 13,000 രൂപയും ഹെൽപ്പർ മാർക്ക് 9000 രൂപയും മാത്രമാണ് നിലവിൽ ലഭിക്കുന്നത്.
Also Read: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; അംഗൻവാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടു