ഇടുക്കി: പന്നിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞതോടെ ആനയിറങ്കല്‍ ഡാം തുറന്നു. പൊന്മുടി അണക്കെട്ടിലെ ജലനിരപ്പില്‍ 44.15 ശതമാനം കുറവുണ്ടായതോടെ വൈദ്യുതി ഉത്‌പാദനത്തിന് വെള്ളം എത്തിക്കുന്നതിന് വേണ്ടിയാണ് ഡാം തുറന്നത്. ഡാമിന്‍റെ സ്ലൂയിസ് ഗേറ്റാണ് തുറന്നത്.
40 സെന്‍റമീറ്ററാണ് തുറന്നത്. ഇതോടെ ഡാമില്‍ നിന്നും വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുകി തുടങ്ങി. ഏകദേശം ഒരു എംസിഎം (മില്യണ്‍ ക്യുബിക് മീറ്റര്‍) വെളളമാണ് ഇതിലൂടെ പുറത്തേക്ക് ഒഴുകുന്നത്. ഇത്തരത്തില്‍ 45 ദിവസം വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കത്തുന്ന വേനലിലും ജലസമ്പുഷ്‌ടമാണ് ആനയിറങ്കല്‍ അണക്കെട്ട്.
സാധാരണയായി വേനല്‍ കാലത്താണ് അണക്കെട്ട് തുറക്കുക. പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നതോടെ ആനയിറങ്കലില്‍ നിന്നും വെള്ളം എത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. വേനല്‍കാലത്ത് പൂര്‍ണമായും അണക്കെട്ടില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. പന്നിയാര്‍ പുഴയിലൂടെ വെള്ളം ഒഴുകുന്നതിനാല്‍ പൂപ്പാറ, രാജകുമാരി, രാജാക്കാട് മേഖലകളില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു.