കോഴിക്കോട്: ക്ലബ്ബുകളും സാംസ്‌കാരിക സംഘടനകളും പുതുതലമുറയ്ക്ക് കൈമാറിയിരുന്നത് കലാ കായിക അറിവുകളും വിജ്ഞാനവുമായിരുന്നു. എന്നാൽ പെരിങ്ങൊളത്തെ അമേയ കലാ കായിക സാംസ്‌കാരിക വേദി നൽകുന്നത് ഏറെ വ്യത്യസ്‌തമായ മറ്റൊന്നാണ്. ആരോഗ്യമുള്ള നല്ല നാളയെ സൃഷ്‌ടിക്കാൻ മികച്ചൊരു ജൈവ കാർഷിക പാഠമാണ് ഇവർ പുതുതലമുറയ്ക്ക് പകർന്ന് നൽകുന്നത്.
തുടർച്ചയായി ഏഴാമത്തെ വർഷമാണ് അമേയ ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ തുടങ്ങിയത്. വിവിധ പ്രായത്തിലുള്ള മുപ്പതോളം കുട്ടികളുണ്ട് അമേയയുടെ കൃഷിപ്പാഠത്തിലൂടെ കൃഷിയിറക്കാൻ. പെരിങ്ങൊളത്തെ രണ്ട് ഏക്കർ സ്ഥലത്താണ് കുട്ടികളുടെ കരപരിചരണത്തിൽ എല്ലാത്തരം കൃഷികളും സമൃദ്ധമായി വിളയുന്നത്. പാവലും പയറും പീച്ചിങ്ങയും പടവലവും ചുരങ്ങയും കക്കിരിയും വിവിധതരം ചീരകളും തുടങ്ങി പതിനാറോളം പച്ചക്കറി ഇനങ്ങളുണ്ട് ഇവരുടെ കൃഷിയിടത്തിൽ.
വിഷു എത്തിയതോടെ വിഷു വിപണി പ്രതീക്ഷിച്ച് നല്ല ചേലൊത്ത കടും സ്വർണ വർണത്തിലുള്ള കണിവെള്ളരികളും ധാരാളമുണ്ട് പെരിങ്ങൊളത്തെ ഈ കുട്ടി കർഷകരുടെ കൃഷിയിടത്തിൽ. കുട്ടികളെല്ലാം ഊഴം വച്ചാണ് കൃഷിയിടത്തിൽ കാർഷിക പരിചരണത്തിന് എത്തുന്നത്. കുട്ടിക്കൂട്ടങ്ങൾ രാവിലെയും വൈകുന്നേരവും കൃഷിയിടത്തിൽ എത്തും. വിത്തുപാകുന്നതും കള പറിക്കുന്നതും നനക്കുന്നതും വളമിടുന്നതും എല്ലാം ഈ കുട്ടി കർഷകർ തന്നെയാണ്.
അമേയ കലാ സാംസ്‌കാരിക വേദിയിലെ മുതിര്‍ന്ന കർഷകരാണ് ഇവർക്ക് വേണ്ട പിന്തുണയുമായി കൂടെയുള്ളത്. പെരുവയൽ കൃഷിഭവനും മാർഗനിർദ്ദേശങ്ങളുമായി ഒപ്പമുണ്ട്. വിളവെടുപ്പും കുട്ടികൾ തന്നെയാണ് നടത്തുന്നത്. കുട്ടി കർഷകരുടെ ആവശ്യം കഴിഞ്ഞുള്ള കാർഷിക വിളകൾ പെരിങ്ങൊളത്ത് തന്നെ റോഡരികിൽ വെച്ചാണ് വിൽപ്പന നടത്തുന്നത്.
വയലും കൃഷിയും അകന്നു പോകുന്ന ഈ കാലത്ത് പുതിയ തലമുറയെ മണ്ണും കൃഷിയും അടുത്തറിയിച്ച് നിലനിർത്തി കൊണ്ടുപോകാനുള്ള അമേയ കല സാംസ്‌കാരിക വേദിയുടെ പ്രവർത്തനം നല്ലൊരു നാളേക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
Also read: ഇടവേളകളിൽ പച്ചക്കറി ഉത്പ്പാദനം; മാതൃകയായി പാലയാട് സംസ്ഥാന തെങ്ങിന്‍ തൈ ഉത്പ്പാദന കേന്ദ്രം