കോഴിക്കോട് : അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപ്പെട്ട പതിനാല് വയസുകാരൻ തിരികെ ജീവിതത്തിലേക്ക്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റി. തിക്കോടി സ്വദേശിയായ കുട്ടി ഇന്ന് തന്നെ ആശുപത്രി വിടും. വിദേശത്ത് നിന്ന് എത്തിച്ച മരുന്ന് നൽകിയതിലൂടെയാണ് രോഗം ഭേദമായത്.
കഴിഞ്ഞ 20 ദിവസമായി കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. രോഗലക്ഷണങ്ങൾ കണ്ട ഉടനെതന്നെ കുട്ടിക്ക് ചികിത്സ ആരംഭിച്ചിരുന്നു. ഇതാണ് കുട്ടിയെ രക്ഷിച്ചതെന്നാണ് ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്‌ടർ പറയുന്നത്. കൂടാതെ അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന് ജർമനിയിൽ നിന്നും എത്തിച്ച മിൽറ്റൊഫോസിൻ (Miltefoscin) മരുന്ന് ഈ കുട്ടിക്ക് ആദ്യം തന്നെ നൽകിയിരുന്നു. ഇതും ചികിത്സയിൽ ഗുണം ചെയ്‌തു.
കുട്ടിയെ നേരത്തെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടർ ചികിത്സക്കായി കുഞ്ഞിനെ കോഴിക്കോടേക്ക് കൊണ്ടു വരികയായിരുന്നു. കണ്ണൂർ പരിയാരം സ്വദേശിയായ കുട്ടി തൊട്ടടുത്ത വെള്ളച്ചാട്ടത്തിൽ കുളിച്ചിരുന്നു. ഇതാവാം രോഗകാരണമെന്ന് സംശയിക്കുന്നതായി ഡോക്‌ടർമാർ പറഞ്ഞു.
അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളജ് മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരിയും കണ്ണൂര്‍ തോട്ടട സ്വദേശിയായ പതിമൂന്നു വയസുകാരിയും അടുത്തിടെ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെയാണ് ഈ മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവിൽ രോഗം റിപ്പോർട്ട് ചെയ്‌ത കുട്ടി തിരിച്ചുവന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു.
Also Read: നിപ വൈറസ്; ഐസിഎംആര്‍ സംഘം കോഴിക്കോടെത്തി - ICMR TEAM REACHED KOZHIKODE