തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുന്നത് സംബന്ധിച്ച് തീരുമാനമാകാതെ സർവ്വകക്ഷി യോഗം അലസി പിരിഞ്ഞു. ജില്ല ഭരണകൂടം അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേക മാർഗ രേഖ തയാറാക്കി ഉടൻ തന്നെ സർക്കാരിന് സമർപ്പിക്കും. അതേസമയം നഷ്‌ട പരിഹാരത്തുക സംബന്ധിച്ച് സർക്കാരും അദാനി ഗ്രൂപ്പും തീരുമാനമെടുക്കുമെന്നും ജില്ല കലക്‌ടർ ജെറോമിക് ജോർജ് പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തേക്ക് നിർമാണ സാമഗ്രികൾ കൊണ്ടു പോകുമ്പോൾ ഇനി മുതൽ കർശന പരിശോധന നടത്തുകയും എൻഫോഴ്സ്മെന്‍റ് സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും. അമിതവേഗവും അമിതഭാരവും ഉണ്ടോയെന്ന് പരിശോധിക്കും. ഇതിനായി മറ്റ് വഴികൾ ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും.
പൊലീസും എക്സൈസും എംവിഡിയും ചേർന്നുള്ള പരിശോധന ശക്തമാക്കും. അപകടങ്ങൾ ഒഴിവാക്കാൻ മാർഗരേഖ തയ്യാറാക്കും. അന്വേഷണം കൃത്യമായി നടക്കും. മാർഗരേഖ രണ്ടുദിവസത്തിനകം തയ്യാറാക്കും. ലോറി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം ഉറപ്പാക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.
അതേസമയം നഷ്‌ടപരിഹാര വിഷയത്തിൽ തീരുമാനമായില്ല. സർക്കാർ തലത്തിൽ തീരുമാനിക്കേണ്ടത് അങ്ങനെയും അദാനി ഗ്രൂപ്പിന്‍റെ ഭാഗത്ത് നിന്നുള്ളതും അത്തരത്തിലും ചർച്ച ചെയ്യുമെന്നും കലക്‌ടർ പറഞ്ഞു. ടിപ്പർ അപകടത്തിൽ മരിച്ച ബിഡിഎസ് വിദ്യാർഥി അനന്തുവിന്‍റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്‌ട പരിഹാരം നൽകണമെന്നാണ് ജനപ്രതിനിധികൾ ഉന്നയിച്ച പ്രധാന ആവശ്യം. എന്നാൽ കൃത്യമായ മറുപടി നൽകാൻ സർക്കാർ തയ്യാറായില്ല. ഇതോടെ വിൻസെൻ്റ് എംഎൽഎ അടക്കമുള്ള കോൺഗ്രസ് പ്രതിനിധികൾ യോഗം ബഹിഷ്‌കരിച്ചു.