പത്തനംതിട്ട: ചെന്നീർക്കര ഗവൺമെൻ്റ് ഐടിഐയിൽ ഫുഡ് പ്രൊഡക്ഷൻ ജനറൽ എഫ്‌പിജി വിഭാഗത്തിൽ പഠനം പൂർത്തിയായ ഉടൻ മുഴുവൻ വിദ്യാർഥികൾക്കും ജോലി ലഭിച്ച സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർഥികളും. 43 വിദ്യാർഥികൾക്കാണ് സംസ്ഥാനത്തെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭേദപ്പെട്ട ശമ്പളത്തോടെയാണ് ജോലി ലഭിച്ചത്. ഈ വർഷം പഠനം പൂർത്തിയാക്കി റിസൾട്ടിനായി കാത്തിരിക്കുമ്പോഴാണ് എഫ്‌പിജി 2024 ബാച്ചിലെ മുഴുവൻ വിദ്യാർഥികൾക്കും വിവിധ കമ്പനികളിൽ നിന്നും നിയമന ഉത്തരവ് ലഭിക്കുന്നത്.
ചെന്നീർക്കര ഗവൺമെൻ്റ് ഐടിഐയിൽ എല്ലാ ട്രേഡുകളിലും ഭേദപ്പെട്ട നിലയിൽ പ്ലേസ്മെൻ്റ് നടക്കുന്നുണ്ടെങ്കിലും ഒരു ബാച്ചിലെ മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് പ്ലേസ്മെൻ്റ് ലഭിക്കുന്നത് അപുർവ്വമായാണെന്ന് ഐടിഐ പ്രിൻസിപ്പല്‍ വി രജനി ടീച്ചർ പറഞ്ഞു. കഴിഞ്ഞ മാസം 31നാണ് ഈ ബാച്ചിൻ്റെ പരീക്ഷ പൂർത്തിയായത്. പരീക്ഷ പൂർത്തിയായി രണ്ടാം ദിവസം തന്നെ കൂട്ടുകാർക്കെല്ലാം മികച്ച അവസരങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വിദ്യാർഥിയായ ആദർശ് വിജയൻ പറഞ്ഞു.
പഠന സമയത്ത് മികച്ച സ്ഥാപനങ്ങളിൽ ട്രെയിനിങ്ങിന് അവസരം ഒരുക്കി നൽകിയിരുന്നതായും ആദർശ് പറയുന്നു. അധ്യാപകരുടെ മികച്ച പിന്തുണയാണ് ഇത്തരമൊരു നേട്ടത്തിന് പ്രധാന കാരണമെന്ന് വിദ്യാർഥിനിയായ ഉത്തരാ ബി നായർ പറഞ്ഞു. കഴിഞ്ഞ ബാച്ചിലെയും തൊണ്ണൂറുശതമാനത്തിൽ അധികം വിദ്യാർഥികൾക്ക് കോഴ്‌സ് പൂർത്തിയായ ഉടൻ തന്നെ പ്ലേസ്മെൻ്റ് ലഭിച്ചിരുന്നു.
ഐടിഐ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐടിഐ കോട്ടയം മേഖല ട്രെയിനിങ് ഇൻസ്‌പെക്‌ടർ എം എഫ് സംരാജ് വിവിധ കമ്പനികളുടെ നിയമന ഉത്തരവുകൾ വിദ്യാർഥികൾക്ക് കൈമാറി. പ്രിൻസിപ്പല്‍ വി രജനി ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീനിയർ സൂപ്രണ്ട് ബിന്ദു ഐപ്പ്, വൈസ് പ്രിൻസിപ്പല്‍ അന്നമ്മ വർഗീസ്, ജി ഗോകുൽ, അർ ഷൈലജ, പി സുരേഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.