ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു. എടത്വ സ്വദേശി കൊച്ചുമോൻ ജോർജിന്‍റെ മകൻ ആൽവിൻ ജോർജാണ് (20) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
എറണാകുളത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തലച്ചോറിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തില്‍പ്പെട്ട മറ്റ് നാല് വിദ്യാര്‍ഥികള്‍ ചികിത്സയില്‍ തുടരുകയാണ്.
കളര്‍കോട് വാഹനാപകടം: ഡിസംബര്‍ 2ന് രാത്രിയാണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ചത്. കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്‌ച മങ്ങിയതാണ് അപകട കാരണമെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും നിഗമനം. അപകടത്തില്‍പ്പെട്ട സെവൻ സീറ്റർ കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്.
ഓവര്‍ലോഡ്, പ്രതികൂല കാലാവസ്ഥ, വാഹനത്തിന്‍റെ കാലപ്പഴക്കം, വാഹനം ഓടിച്ച വിദ്യാര്‍ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്ന് ആര്‍ടിഒ പറഞ്ഞു. പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞുപോയി ഇടിക്കുകയായിരുന്നു. വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവൻ ഉള്ളിലേക്ക് വരികയും അത് അപകടത്തിന്‍റെ വ്യാപ്‌തി കൂട്ടുകയുമായിരുന്നുവെന്ന് ആര്‍ടിഒ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാഹനം തെറിച്ചുപോയിരുന്നെങ്കിൽ അപകടത്തിന്‍റെ ആഘാതം കുറയുമായിരുന്നു. മഴ പെയ്‌തതും വാഹനം തെന്നിമാറാനുള്ള പ്രധാന കാരണമായി.
അപകടത്തില്‍ മരിച്ചവര്‍: ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), പാലക്കാട് ശേഖരപുരം സ്വദേശി ശ്രീദേവ് വത്സൻ (19), കണ്ണൂർ മാടായി സ്വദേശി മുഹമ്മദ് ജബ്ബാർ (19), മലപ്പുറം കോട്ടക്കൽ സ്വദേശി ദേവാനന്ദൻ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19) എന്നിവരാണ് അപകടം നടന്ന ഉടനെ മരിച്ചത്.
ചികിത്സയില്‍ കഴിയുന്നവര്‍: പുതുക്കുറിച്ചി മരിയനാട് ഷൈൻ ലാൻഡിൽ ഡെന്‍റ്സണ്‍ പോസ്റ്റിന്‍റെ മകൻ ഷൈൻ ഡെന്‍റ്സൺ (19), എറണാകുളം കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്‌മിഭവനത്തിൽ ആർ ഹരിദാസിന്‍റെ മകൻ ഗൗരീശങ്കർ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തിൽ മുഹമ്മദ് കുഞ്ഞിന്‍റെ മകൻ മുഹസിൻ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാർത്തിക വീട്ടിൽ കെ എസ് മനുവിന്‍റെ മകൻ ആനന്ദ് മനു (19) എന്നിവരാണ് നിലവില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.