വയനാട്: മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇനിയും കണ്ടെത്താനുള്ളത് 240 ലേറെ പേരെയെന്ന് റിപ്പോര്‍ട്ട്. ദുരന്ത മേഖലയില്‍ നിന്ന് പുറത്ത് കടക്കാന്‍ വഴിയില്ലാതെ എല്ലാം നഷ്‌ടപ്പെട്ടവര്‍ രക്ഷ തേടി വിലപിക്കുന്നതിനിടയില്‍ ആദ്യ ആശ്വാസവുമായി പറന്നിറങ്ങിയത് വ്യോമ സേനയായിരുന്നു.
ഉരുള്‍പൊട്ടി നെടുകേ പിളര്‍ന്നുനിന്ന മുണ്ടക്കൈയില്‍ ലാന്‍ഡ് ചെയ്യാന്‍ രക്ഷ ദൗത്യത്തിന്‍റെ ആദ്യ ദിനം തന്നെ പല തവണ വ്യോമ സേന ശ്രമിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ ലാന്‍ഡിങ് ദുഷ്‌കരമാണെന്ന് മനസിലാക്കിയ സേന പ്രദേശത്ത് വ്യോമ നിരീക്ഷണം നടത്തി ലാന്‍ഡിങ് സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി. പിന്നീട് ഇന്ത്യന്‍ വ്യോമ സേനയുടെ 17 B 5 ഹെലികോപ്റ്റര്‍ ദുരന്തമുഖത്ത് ലാന്‍ഡ് ചെയ്യുന്നതാണ് രാജ്യം കണ്ടത്. അവിടെ രക്ഷ തേടി നില്‍ക്കുകയായിരുന്ന നിരവധി പേരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
മലയാളിയായ വിങ് കമാണ്ടര്‍ രാഹുല്‍ അടക്കമുള്ള പൈലറ്റുമാര്‍ പറത്തുന്ന രണ്ട് അഡ്വാന്‍സ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും 17 B 5 ഹെലികോപ്റ്ററുകളുമാണ് രക്ഷ പ്രവര്‍ത്തനത്തില്‍ വയനാട്ടില്‍ സജീവമായിട്ടുള്ളത്. 5 ഗരുഡ് കമാന്‍ഡോമാരും വയനാട്ടിലെത്തിയിട്ടുണ്ട്. ദുരന്തമുഖത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് പുറമെ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഭക്ഷണപ്പൊതികളും വെള്ളവും വിതരണം ചെയ്യാനും ഇവര്‍ സഹായിക്കുന്നു. ദുരന്തത്തെ നേരിടാന്‍ സര്‍ക്കാരിന് കരുത്തേകുന്ന പ്രവര്‍ത്തനമാണ് വ്യോമസേന നടത്തുന്നതെന്ന് വിങ് കമാന്‍ഡര്‍ രാഹുല്‍ പറഞ്ഞു.
Also Read: വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ആരംഭിച്ചു