നിലമ്പൂർ: ഇൻസ്റ്റഗ്രാമിൽ ലൈവ് വീഡിയോ പങ്കുവച്ച ശേഷം യുവാവ് മരിച്ച നിലയില്‍. തന്‍റെ മരണത്തിനു കാരണം നിലമ്പൂരിലെ നാലു പേരാണെന്ന് പറഞ്ഞായിരുന്നു ലൈവ് വീഡിയോ പങ്കുവച്ചത്. നിലമ്പൂർ മുക്കട്ട തൈക്കാടൻ അബ്‌ദു ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് ജാസിത്താണ് (21) മരിച്ചത്.
ജാസിത് പങ്കുവച്ച ഇൻസ്റ്റഗ്രാം ലൈവ് വീഡിയോ കണ്ട സുഹൃത്തുക്കളും നാട്ടുകാരും ഉടൻ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആറുമാസമായി എറണാകുളത്ത് മൊബൈൽ ഷോപ്പിൽ ജോലി ചെയ്‌ത് വരികയായിരുന്നു ജാസിത്. ഈ മാസം 31ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് മരണം. പ്രണയവുമായി ബന്ധപ്പെട്ട് ഭീഷണി ഉണ്ടായിരുന്നതായും പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതായും തനിക്ക് പറയാനുള്ളത് പൊലീസ് കേൾക്കാൻ തയ്യാറായില്ല എന്നും ലൈവ് വീഡിയോയിൽ ജാസിത് പറയുന്നുണ്ട്.
നിലമ്പൂരിലെ നാലു പേരാണ് തന്‍റെ മരണത്തിന് കാരണമെന്നും ജാസിത് പറയുന്നുണ്ട്. ജാസിത്തിന്‍റെ പിതാവും കുടുംബവും നിലമ്പൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.