തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ സിറ്റിങ് എം പിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അടൂര്‍ പ്രകാശിന് 10.38 കോടി രൂപയുടെ ആസ്‌തിയെന്ന് സത്യവാങ്മൂലം. ഭാര്യ ജയശ്രീ പ്രകാശിന് 2.96 കോടിയുടെ ആസ്‌തിയും അമ്മ വിലാസിനിയുടെ പേരില്‍ 4.74 കോടിയുടെ ആസ്‌തിയുമുണ്ട്.
ഭാര്യയുടെ പേരില്‍ 57.7 ലക്ഷത്തിന്‍റെയും അമ്മയുടെ പേരില്‍ 18.24 ലക്ഷത്തിന്‍റെയും സ്വര്‍ണ നിക്ഷേപമുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 29.68 ലക്ഷം രൂപ വിപണിമൂല്യമുള്ള ഭൂമിയുണ്ട്. ഭാര്യയുടെ പേരില്‍ 55.09 ലക്ഷത്തിന്‍റെയും അമ്മയുടെ പേരിൽ 18.58 ലക്ഷം രൂപയുടെയും വിപണിമൂല്യമുള്ള ഭൂമിയുണ്ട്.
കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 3.23 കോടി രൂപയുടെ വിപണി മൂല്യമുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും, ഭാര്യക്ക് 20.54 ലക്ഷത്തിന്‍റെയും അമ്മയ്ക്ക് 1.75 കോടി രൂപയുടെയും വിപണി മൂല്യമുള്ള വാണിജ്യ കെട്ടിടങ്ങളുമുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ അടൂര്‍ പ്രകാശിന് 56.01 ലക്ഷം രൂപയുടെയും ഭാര്യക്ക് 83.31 ലക്ഷത്തിന്‍റെയും വീടുണ്ട്.
6 ബാങ്കുകളില്‍ നിന്നെടുത്ത 65.98 ലക്ഷം രൂപയുടെ കടം സ്വന്തം പേരിലുണ്ട്. ഭാര്യയുടെ പേരില്‍ 2.36 കോടിയുടെയും അമ്മയുടെ പേരില്‍ 65.98 ലക്ഷത്തിന്‍റെയും കടമുണ്ട്. ആകെയുള്ള നാല് കാറുകളില്‍ മൂന്നെണ്ണം അടൂര്‍ പ്രകാശിന്‍റെ പേരിലും ഒരെണ്ണം ഭാര്യയുടെ പേരിലുമാണ്. 5 ലക്ഷം രൂപ അടൂര്‍ പ്രകാശിന്‍റെയും 6 ലക്ഷം രൂപ ഭാര്യയുടെയും 4 ലക്ഷം അമ്മയുടെയും കൈയിലുണ്ട്. സ്വന്തം പേരില്‍ 18 സ്ഥാപനങ്ങളിലായി 3.67 കോടിയുടെ ഓഹരി നിക്ഷേപമുണ്ട്. 27 സ്ഥാപനങ്ങളിലായി ഭാര്യക്ക് 21.53 ലക്ഷത്തിന്‍റെ നിക്ഷേപമാണുള്ളത്.
തനിക്കെതിരെ നിലവിലുള്ള 11 കേസുകളില്‍ മൂന്നെണ്ണത്തില്‍ ഫൈനടച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് 1982 ലാണ് അടൂര്‍ പ്രകാശ് എല്‍എല്‍ബി ബിരുദം നേടിയത്.
Also Read : രാജീവ് ചന്ദ്രശേഖറിന് 23.65 കോടിയുടെ ആസ്‌തി; ഒരേയൊരു ക്രിമിനല്‍ കേസ്; സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ