കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ പിപി ദിവ്യയെ ഇന്ന് (ഒക്‌ടോബര്‍ 18) പൊലീസ് ചോദ്യം ചെയ്‌തേക്കും. ദിവ്യയെ പ്രതിചേര്‍ത്ത് ഇന്നലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദിവ്യക്കൊപ്പം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നല്‍കിയ പ്രശാന്തന്‍റെയും മൊഴിയും രേഖപ്പെടുത്തും.
കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്ന കാര്യവും ആലോചനയിലുണ്ട്. അതേസമയം എഡിഎമ്മിന്‍റെ മരണത്തെ തുടര്‍ന്ന് ആരോപണവിധേയയായ പിപി ദിവ്യ ഇന്നലെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചിരുന്നു. രാജിവച്ചുവെന്ന കാര്യം വാര്‍ത്താക്കുറിപ്പിലൂടെ ദിവ്യ തന്നെയാണ് അറിയിച്ചത്.
പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും ഒറ്റപ്പെട്ടതോടെയാണ് ദിവ്യയുടെ പടിയിറക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കാന്‍ സിപിഎം തീരുമാനിച്ചതിന് പിന്നാലെയാണ് രാജിവച്ചതായി ദിവ്യ അറിയിച്ചത്. ഇന്നലെ (ഒക്‌ടോബര്‍ 17) ഉച്ചയ്ക്ക് ചേര്‍ന്ന സിപിഎം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് പിപി ദിവ്യയെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്.
സംഭവത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ കേസ് കൂടിയുള്ളതിനാല്‍ ദിവ്യയെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി കെകെ രത്‌നകുമാരിയെ പരിഗണിക്കാനും സിപിഎം ജില്ല സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തതായും ദിവ്യ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എഡിഎം നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും കുടുംബത്തിന്‍റെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും പറഞ്ഞ ദിവ്യ പൊലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും വ്യക്തമാക്കി. തന്‍റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് താന്‍ നടത്തിയത്. എങ്കിലും പ്രതികരണത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ശരിവയ്‌ക്കുന്നുവെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
Also Read: നവീന്‍ ബാബുവിന് കണ്ണീരോടെ വിട; വികാര ഭരിതരായി സഹപ്രവര്‍ത്തകര്‍, വിതുമ്പിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍