തിരുവനന്തപുരം: കണ്ണൂരില്‍ ആത്മഹത്യ ചെയ്‌ത എഡിഎം നവീന്‍ ബാബുവിന്‍റെ സംസ്‌കാരം നാളെ (ഒക്‌ടോബര്‍ 17) നടക്കും. കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാത്രി 12.30 ഓടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.
ഇന്ന് (ഒക്‌ടോബര്‍ 16) ഉച്ചയോടെ മൃതദേഹം പത്തനംതിട്ടയില്‍ എത്തിക്കും. തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ (ഒക്‌ടോബര്‍ 17) കലക്‌ടറേറ്റില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കാസര്‍കോട്, കണ്ണൂര്‍ ജില്ല കലക്‌ടര്‍മാരുടെ സാന്നിധ്യത്തിലാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്. അതേസമയം മലയാലപ്പുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും കണ്ണൂരില്‍ ബിജെപിയും ഹര്‍ത്താല്‍ ആരംഭിച്ചു. എഡിഎമ്മിന്‍റെ മരണത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വൈകിട്ട് ആറ് മണിവരെയായിരിക്കും ഹര്‍ത്താല്‍. ദിവ്യയുടെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. കൂടാതെ സംസ്ഥാന വ്യാപകമായി ഇന്ന് റവന്യൂ ഉദ്യോഗസ്ഥരും അവധിയെടുത്ത് പ്രതിേഷധിക്കും. വില്ലേജ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ ദിവ്യയുടെ വീടിന് സംരക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സംഭവത്തില്‍ ഇതുവരെ ദിവ്യ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
പരാതിക്കാരനെതിരെയും പ്രതിഷേധം: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി വാങ്ങിയെന്ന പരാതി നല്‍കിയ പ്രശാന്തിനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷനും രംഗത്തെത്തി. പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരനാണ് പ്രശാന്ത്. അഴിമതി നിരോധന നിയമ പ്രകാരം പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്നും അസോസിയോഷന്‍ ആവശ്യപ്പെട്ടു.
Also Read: കോലം കെട്ടിത്തൂക്കി, രാജിയാവശ്യപ്പെട്ടു; എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കലുഷിതമായി കണ്ണൂര്‍.