എറണാകുളം : എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കും. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സർക്കാർ വ്യക്തമാക്കും.
നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണ് എന്ന ആരോപണത്തിലും അന്വേഷണം നടത്തുമെന്നും സർക്കാർ ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കും. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിലപാട് വ്യക്തമാക്കാനിരിക്കുന്നത്. സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സംസ്ഥാന സർക്കാർ നാളെ ഹൈക്കോടതിയെ അറിയിക്കുക.
പൊലീസിന്‍റെ അന്വേഷണം ശരിയായ ദിശയിലാണ്, അന്വേഷണത്തിൽ പാളിച്ചകളില്ല, കുടുംബത്തിന്‍റെ എല്ലാ ആശങ്കകളും പരിശോധിക്കും, കൊലപാതമെന്ന ആരോപണവും അന്വേഷിക്കുമെന്നാണ് സർക്കാർ നാളെ ഹൈക്കോടതിയെ അറിയിക്കുക. കേസ് ഡയറിയും ഹാജരാക്കും. കേസിൽ അന്തിമ റിപ്പോർട്ട് നൽകുന്നത് തടയണമെന്ന കുടുംബത്തിന്‍റെ ആവശ്യം നേരത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. നവീനെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന സംശയം തള്ളിക്കളയാനാകില്ലെന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിപിഎം നേതാവ് പി പി ദിവ്യ പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുമെന്ന പ്രതീക്ഷയില്ലെന്നും കുടുംബം വാദം ഉന്നയിച്ചിരുന്നു. മൊഴി രേഖപ്പെടുത്തുന്നതിലും, പ്രതിയുടെ അടക്കം ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുന്നതിലും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഭാഗത്തു നിന്നും വീഴ്‌ചയുണ്ടായെന്നും ഹർജിയിൽ നവീന്‍റെ ഭാര്യ മഞ്ജുഷ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.