എറണാകുളം : സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര പൊലീസിൽ പരാതി നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് നടി ഇമെയിൽ വഴി പരാതി നൽകിയത്.
രഞ്ജിത്ത് സംവിധാനം ചെയ്‌ത പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേണ്ടിയാണ് തന്നെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ആദ്യം തൻ്റെ കയ്യിൽ സ്‌പർശിക്കുകയും, പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ എൻ്റെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് കൈ നീട്ടാൻ ശ്രമിക്കുകയും ചെയ്‌തു. അദ്ദേഹത്തിൻ്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചർച്ചയല്ലെന്നും ലൈംഗിക ഉദ്ദേശമാണെന്നും മനസിലാക്കിയ താൻ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ശ്രീലേഖ മിത്ര പരാതിയിൽ പറഞ്ഞു.
കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായത്. അടുത്ത ദിവസം തന്നെ തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് തനിക്കുണ്ടായ കയ്പേറിയ അനുഭവം പങ്കുവച്ചിരുന്നു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിനാൽ ജോഷി ജോസഫിൻ്റെ സഹായം തേടാൻ നിർബന്ധിതനായി.
പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശി എന്ന നിലയിൽ, കുറ്റകൃത്യം നടന്ന സമയത്ത് ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 354 & 354 ബി പ്രകാരമുള്ള കുറ്റത്തിന് രഞ്ജിത്തിനെതിരെ നടപടിയുമായി മുന്നോട് പോകാൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കി. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നറിയപ്പെടുന്ന കേരള ഹൈക്കോടതിയിലെ ഒരു മുൻ ജഡ്‌ജിയുടെ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ, മാധ്യമങ്ങളിലൂടെ എൻ്റെ അനുഭവം പങ്കിടാൻ എനിക്ക് അവസരമുണ്ടായി. രഞ്ജിത്ത് ഔദ്യോഗിക സ്ഥാനം വഹിക്കുന്നതിനാൽ ഇത് സംസ്ഥാനത്ത് വ്യാപകമായി പ്രചരിച്ചതായി മനസിലാക്കുന്നു.
ഒരു കുറ്റകൃത്യം രജിസ്‌റ്റർ ചെയ്യുന്നതിന് രേഖാമൂലമുള്ള പരാതി ആവശ്യമാണെന്ന് ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നുള്ള ചില അഭിപ്രായങ്ങളും എൻ്റെ ശ്രദ്ധയിൽപ്പെട്ടു. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് ഞാൻ പറഞ്ഞതുപോലെ, രേഖാമൂലമുള്ള പരാതി ഒരു മുൻവ്യവസ്ഥയല്ല. രേഖാമൂലമുള്ള പരാതി അനിവാര്യമാണെന്ന് കേരളത്തിലെ അധികൃതർ സ്വീകരിച്ച പൊതുനിലപാട് കണക്കിലെടുത്ത്, നിങ്ങളുടെ പ്രാദേശിക പരിധിക്കുള്ളിൽ കുറ്റകൃത്യം നടന്നിട്ടുള്ളതിനാൽ നിങ്ങളെത്തന്നെ അഭിസംബോധന ചെയ്‌ത് ഇമെയിൽ വഴി ഞാൻ ഈ പരാതി സമർപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു. സംവിധായകൻ രഞ്ജിത്തിനെതിരെ ക്രിമിനൽ നിയമ നടപടി സ്വീകരിക്കണമെന്നും നടി പരാതിയിൽ ആവശ്യപ്പെട്ടു.