എറണാകുളം : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധനയിൽ വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്‌ജി പിന്മാറി. ജസ്‌റ്റിസ് എ ബദറുദ്ദീൻ ആണ് ഹർജിയിൽ നിന്ന് പിൻമാറിയത്. ഹർജി ജസ്‌റ്റിസ് പിജി അജിത് കുമാർ പിന്നീട് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന അതിജീവിതയുടെ പരാതിയിന്മേൽ ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി അന്വേഷണം നടത്തി റlപ്പോർട്ട് നൽകിയത്. എന്നാൽ ഈ റിപ്പോർട്ട് കുറ്റാരോപിതരെ സംരക്ഷിക്കുന്ന തരത്തിലാണെന്നും മെമ്മറി കാർഡ് പരിശോധിച്ച ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ കസ്‌റ്റഡിയിലെടുത്തില്ലെന്നുമാണ് അതിജീവിതയുടെ ആക്ഷേപം. കൂടാതെ തന്‍റെ ഭാഗം കൂടി കേൾക്കണമെന്ന നിർദേശം ലംഘിക്കപ്പെട്ടതായും ഹർജിക്കാരി പറയുന്നു.
ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ കോടതി നിരീക്ഷണത്തോടെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. 2018 ജനുവരി 9 ന് രാത്രിയിൽ അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, 2018 ഡിസംബർ 13 ന് ജില്ലാ കോടതിയിലെ ബഞ്ച് ക്ലർക്ക് മഹേഷ്, 2021 ജൂലൈ 19 ന് വിചാരണ കോടതി ശിരസ്‌താദർ താജുദീൻ എന്നിവർ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്നായിരുന്നു റിപ്പോർട്ട്.
ഹൈക്കോടതി നിർദേശ പ്രകാരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം.വർഗീസായിരുന്നു വസ്‌തുതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.