എറണാകുളം : നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല (HC on Actress attack case). സർക്കാരിന്‍റെ അപ്പീൽ സിംഗിൾ ബെഞ്ച് തീർപ്പാക്കി. വിചാരണാക്കോടതിയുടെ മുൻ ഉത്തരവിൽ വ്യക്തത വരുത്തിയാണ് ഹൈക്കോടതി സർക്കാരിന്‍റെ അപ്പീൽ തീർപ്പാക്കിയത്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ ഇടപെടാതിരുന്ന ഹൈക്കോടതി സർക്കാരിന്‍റെ അപ്പീൽ തീർപ്പാക്കി. വിചാരണ കോടതി ഉത്തരവിലെ പരാമർശങ്ങൾ നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചു എന്നുമായിരുന്നു പ്രോസിക്യൂഷൻ ആരോപണം.
കൂടാതെ കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും തുടരന്വേഷണത്തിൽ തെളിവ് ലഭിച്ചിട്ടുണ്ട്. അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. തെളിവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നായിരുന്നു ദിലീപിൻ്റെ വാദം.
കേസിന്‍റെ വിചാരണ ഏത് ഘട്ടം വരെയെത്തിയെന്ന് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ എതിർ വിസ്‌താരം നടക്കുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ അറിയിച്ചത്.