എറണാകുളം: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ സാക്ഷി മൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. ജില്ല കോടതി ജഡ്‌ജി നടത്തിയ അന്വേഷണത്തിൽ ശേഖരിച്ച സാക്ഷി മൊഴികളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അതിജീവിതക്ക് നൽകാനാണ് ജില്ല ജഡ്‌ജിക്ക് ഹൈക്കോടതി നിർദേശം നൽകിയത്. പകർപ്പുകൾ ലഭിക്കാൻ അതിജീവിതയ്ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്‌റ്റിസ് കെ ബാബുവിന്‍റെ നടപടി.
മെമ്മറി കാർഡിന്‍റെ അനധികൃത പരിശോധനയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയെ ദിലീപ് എതിർത്തു. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടല്ല ഉപഹർജി നൽകിയതെന്ന് ദിലീപ് വാദിച്ചു. അന്വേഷണ റlപ്പോർട്ട് ലഭിച്ചത് അതിജീവിതയ്ക്ക് മാത്രമായിരുന്നു.
എന്നാല്‍, റിപ്പോർട്ടിലെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നു എന്നും ദിലീപ് ഹൈക്കോടതിയിൽ വാദമുയർത്തി. കോടതിയുടെ മുൻ ഉത്തരവ് അനുസരിച്ചുള്ള അന്വേഷണമല്ല ഉണ്ടായതെന്ന് അതിജീവിത കോടതിയെ അറിയിച്ചു. തന്‍റെ സഹപ്രവർത്തകരായ ജുഡീഷ്യൽ ഓഫീസർമാരെയും സഹപ്രവർത്തകരെയും സംരക്ഷിക്കുന്ന നിലപാടാണ് എൻക്വയറി ഓഫീസർ സ്വീകരിച്ചത്.
തന്‍റെ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും അതിജീവിത വാദിച്ചു. അതേസമയം, വസ്‌തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി നിലനിൽക്കുമോ എന്നതിൽ വിശദമായ വാദം കേൾക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. ഹർജി ഹൈക്കോടതി മെയ് 30 ലേക്ക് മാറ്റിയിരിക്കുകയാണ്.
2018 ജനുവരി 9 ന് രാത്രിയിൽ അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് ,ഡിസംബർ 13 ന് ജില്ലാ കോടതിയിലെ ബഞ്ച് ക്ലർക്ക് മഹേഷ്, 2021 ജൂലൈ 19 ന് വിചാരണ കോടതി ശിരസ്‌താദർ താജുദീൻ എന്നിവർ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ചെന്നാണ് വസ്‌തുതാന്വേഷണ റിപ്പോർട്ട്.