എറണാകുളം: തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിൻ്റെ കൊലപാതകത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരമായി ഷിബിൻ്റെ കുടുംബത്തിന് നൽകണം. ഓരോ ലക്ഷം രൂപ നഷ്‌ടപരിഹാരം പരിക്കേറ്റ രണ്ട് സാക്ഷികൾക്കും പ്രതികളിൽ നിന്നും ഈടാക്കി നൽകാനും നിർദേശമുണ്ട്. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ് പ്രതികൾക്കും പതിനഞ്ച്, പതിനാറും പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ.
വിചാരണക്കോടതി വെറുതെ വിട്ട ഇവരെ ഹൈക്കോടതി കഴിഞ്ഞയാഴ്‌ച കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു. വിദേശത്തായിരുന്ന ആറ് പ്രതികളെ ഇന്നലെ (ഒക്‌ടോബർ 14) വിമാനത്താവളത്തിൽ വച്ച് അറസ്‌റ്റ് ചെയ്‌ത് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി. മൂന്നാം പ്രതി മരിച്ചു പോയി. പെട്ടെന്നുണ്ടായ തർക്കത്തിൽ നിന്നുണ്ടായ കൊലപാതകം എന്നത് കണക്കിലെടുത്തുവെന്നും അതുകൊണ്ടാണ് കൊലപാതകത്തിനുള്ള കുറഞ്ഞ ശിക്ഷ നൽകുന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പ്രതികളുടേത് നിഷ്‌ഠൂരമായ പ്രവര്‍ത്തിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. രണ്ട് നിരപരാധികളും പ്രതികളുടെ അക്രമത്തിന് ഇരയായി. മതസ്‌പര്‍ധയാണ് കൊലപാതകത്തിന് കാരണം. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. 2015 ജനുവരി 22 നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിനെ ലീഗ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.
Also Read: യുവതിയെ ശല്യം ചെയ്‌തു; യുവാവിന് ഒന്നര വർഷം തടവും പിഴയും വിധിച്ച് കോടതി