കോഴിക്കോട്: സിഎച്ച് മേൽപ്പാലത്തിന് സമീപം ഡോക്‌ടറെയും സഹോദരനെയും സുഹൃത്തിനെയും സംഘം ചേർന്ന് മർദ്ദിച്ച കേസിൽ രണ്ട് പേർ പിടിയിൽ. പയ്യാനക്കൽ സ്വദേശി മുഹമ്മദ് ഷംനാദ് (19), കുണ്ടുങ്ങൽ സ്വദേശി സിപി മുഹമ്മദ് ബാദുഷ (21) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
നവീകരണം നടക്കുന്ന സിഎച്ച് മേൽപ്പാലത്തിന് സമീപം എത്തിയ ഡോക്‌ടറും സംഘവും ഫോട്ടോ എടുക്കുന്നതിനിടെ പ്രതികൾ ചോദ്യം ചെയ്‌തിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ ഡോക്‌ടറുൾപ്പെടെ മൂന്ന് പേരെ പ്രതികൾ ഇരുമ്പുവടി കൊണ്ട് മർദിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വെള്ളയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികൾ പിടിയിലായത്. മൂവരുടേയും പരാതിയിൽ വധശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വെള്ളയിൽ പൊലീസ് ഇൻസ്പെക്‌ടർ ബൈജു കെ ജോസ്, എസ്ഐമാരായ ജയേഷ്, ഷുക്കൂർ, സിപിഒമാരായ റിജേഷ്, രജിത്ത്, ഷിജു, ഷിജില എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.