കോഴിക്കോട്: ഇതാണ് റിയൽ കേരള സ്‌റ്റോറിയെന്ന് അബ്‌ദുള്‍ റഹീം ദയാധന സമാഹരണ കമ്മിറ്റി. മൂന്നംഗ കമ്മറ്റി 2021 ൽ തുടങ്ങിയ ധനസമാഹരണമാണ് വിധി നടപ്പാക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കേ പൂർത്തിയായത്. ഇതിനോടകം 34,45,46,568 രൂപയാണ് ലഭിച്ചത്. ഇനി ആരും പണം അയക്കരുതെന്ന് കമ്മറ്റി ആവശ്യപ്പെടുകയും ചെയ്‌തു.
'സേവ് അബ്‌ദുള്‍ റഹീം' എന്ന മൊബൈല്‍ ആപ്പ് വഴിയും നേരിട്ടും നിരവധി ആളുകളാണ് ധനസഹായം എത്തിച്ചത്. ഒരു നാടിന്‍റെ കൂട്ടായ പ്രവര്‍ത്തനം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം എത്തിക്കാന്‍ സഹായകമായി എന്നാണ് ദയാധന സമാഹരണ കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്.
കഴിഞ്ഞ മാസം ഒരു കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞിടത്തുനിന്നാണ്, ഒരു നാട് ഒരുമിച്ചപ്പോള്‍ ഒരു മാസം കൊണ്ട് മുഴുവന്‍ തുകയും സമാഹരിക്കാന്‍ കഴിഞ്ഞത് എന്നത് മലയാളികളുടെ കൂട്ടായ്‌മക്ക് ബലം നൽകുകയാണ്. വന്നു ചേർന്ന പണത്തിന്‍റെ കണക്ക് കൃത്യമായി ഓഡിറ്റ് നടത്തി കമ്മറ്റി അവതരിപ്പിക്കും.
ഇന്ത്യൻ എംബസി പണം സൗദി കുടുംബത്തിന് കൈമാറും. ഇങ്ങനെ റഹീമിനെ നാട്ടിലെത്തിക്കാൻ എല്ലാവരുടേയും സഹായവും കമ്മറ്റി അഭ്യർത്ഥിച്ചു. അഷ്റഫ് വേങ്ങാട്ടിൽ കൺവീനറും സുരേഷ് ചെയർമാനും ഗിരീഷ് ട്രഷററുമായ ട്രസ്‌റ്റാണ് ധനസമാഹരണത്തിനായി രംഗത്തിറങ്ങിയത്. കൂടെ നിന്ന എല്ലാവർക്കും റഹീമിന്‍റെ മാതാവ് ഫാത്തിമ നന്ദി പറഞ്ഞു.
ദുഃഖങ്ങൾ നീങ്ങിയെന്നും ഇത് സന്തോഷത്തിന്‍റെ സമയമാണെന്നും ആയിരുന്നു ഉമ്മയുടെ പ്രതികരണം. ശിക്ഷ വിധിച്ചതിന് ശേഷം വളരെ നാളത്തെ പരിശ്രമത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബറിൽ മരണമടഞ്ഞ 15 കാരന്‍റെ സൗദി കുടുംബം മോചന കരാറിൽ ഏർപ്പെടാൻ തയ്യാറായതാണ് അബ്‌ദുള്‍ റഹീമിന് ആശ്വാസമായത്.
Also Read: മഹാലക്ഷ്യത്തിലേക്ക് മലയാളികള്‍ ഒന്നിച്ചു, അബ്‌ദുൾ റഹീമിന്‍റെ മോചനത്തിന് പണം കണ്ടെത്താനുള്ള ദൗത്യം വിജയം