കാസർകോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അംഗഡിമൊഗർ പെർളാടത്തെ അബ്‌ദുള്ള കുഞ്ഞി(60) ആണ് മരിച്ചത്. കുമ്പള ടൗണിൽ വെച്ചായിരുന്നു അപകടം. ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്‌ദുള്ളയെ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വിദ്യാർഥികളാണ് ബൈക്കിൽ സഞ്ചരിച്ചത്. ബദിയഡുക്ക സുൽത്വാൻ സൗണ്ട്സിൽ മൈക് ഓപറേറ്ററാണ് അബ്‌ദുള്ള.
റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്ദുള്ളയെ വിദ്യാർഥി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അബ്‌ദുള്ളയെ ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.