തിരുവനന്തപുരം : ആറ്റുകാലിൽ ഏഴ് വയസുകാരന് ക്രൂരമർദനമേറ്റെന്ന പരാതിയിൽ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്‌തു. ആറ്റുകാൽ പാടശേരി സ്വദേശി അനുവിനെ (35) ഫോർട്ട് പൊലീസാണ് അറസ്റ്റ് ചെയ്‌തത്. വധശ്രമം, മരകായുധം കൊണ്ട് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
സംഭവത്തിൽ കുട്ടിയുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒരു വര്‍ഷമായി നിരന്തരം തന്നെ മര്‍ദിക്കാറുണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. കുട്ടിയെ പച്ച മുളക് തീറ്റിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും പരാതിയിൽ പറയുന്നു.
നോട്ടെഴുതാന്‍ വൈകിയതിനും ചിരിച്ചതിനുപോലും രണ്ടാനച്‌ഛന്‍ മര്‍ദിച്ചു എന്നും പരാതിയില്‍ പറയുന്നു. പ്രതിയുടെ വീട്ടുകാരാണ് കുട്ടിയെ പൊലീസിന് മുന്നിലെത്തിച്ചത്. കുട്ടിയുടെ അമ്മയ്ക്ക് പനിയായിരുന്നതിനാല്‍ പ്രതിയുടെ വീട്ടിലാക്കിയപ്പോഴാണ് വീട്ടുകാരും മര്‍ദനത്തിന്‍റെ വിവരമറിയുന്നത്.
കുട്ടിയുടെ ദേഹമാസകലം പരിക്കേറ്റതിന്‍റെ പാടുകളുണ്ട്. ക്രൂര മര്‍ദനത്തിന്‍റെ വിവരങ്ങള്‍ കുട്ടി വിശദീകരിക്കുന്ന വീഡിയോയും വീട്ടുകാര്‍ പകര്‍ത്തിയിരുന്നു. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് രണ്ടാനച്‌ഛന്‍ അനുവിനെയും ഭാര്യ അഞ്ജനയെയും ചോദ്യം ചെയ്‌ത് വരികയാണ്. അഞ്ജനയുടെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതിന് പിന്നാലെ ഒന്നര വര്‍ഷമായി ഇവര്‍ ബന്ധുകൂടിയായ അനുവിനോടൊപ്പമാണ് താമസം.