തിരുവനന്തപുരം: ഇടതു വലത് മുന്നണികളില്‍ തലയെടുപ്പുള്ള രണ്ട് നേതാക്കളുടെ അസാന്നിധ്യം ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കേരളത്തില്‍ ശരിക്കും ശ്രദ്ധിക്കപ്പെട്ടു. ദശകങ്ങളായി ഇടത് മുന്നണിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ ഇല്ലാത്ത തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ പ്രചാരണം ഏതാണ്ട് പൂര്‍ണ്ണമായും ഒറ്റയ്ക്ക് നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും പ്രചാരണത്തില്‍ ചലനമുണ്ടാക്കാന്‍ മുഖ്യമന്ത്രി തന്നെ വേണ്ടി വന്നു. മറു വശത്ത് യുഡിഎഫില്‍ ഏറ്റവും വലിയ ക്രൗഡ് പുള്ളറായിരിന്ന ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.
ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനാകാന്‍ ആയില്ലെങ്കിലും മുന്‍ പ്രതിപക്ഷ നേതാവും പ്രചാരണ സമിതി ചെയര്‍മാനുമായ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്നാണ് കോണ്‍ഗ്രസ് പ്രചാരണം നയിച്ചത്. ബിജെപിക്കായി ദേശീയ നേതാക്കളാണ് പ്രചാരണം കൊഴുപ്പിച്ചത്. സിപിഐയിലും കാനം രാജേന്ദ്രന്‍റെ വിയോഗത്തിന് ശേഷം ബിനോയ് വിശ്വം നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്.
രാഹുല്‍ ഗാന്ധിയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും എഐസിസി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും സിറ്റിങ് എംപിമാരില്‍ ടിഎന്‍ പ്രതാപനൊഴികെയുള്ള മുഴുവന്‍ പേരും കോണ്‍ഗ്രസില്‍ നിന്ന് മല്‍സരിക്കാനിറങ്ങി. ഒപ്പം പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെയും വടകരയിലിറക്കി.
ഇടത് മുന്നണിയില്‍ നിന്ന് മന്ത്രി കെ രാധാകൃഷ്‌ണനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും എംഎല്‍എമാരായ കെകെ ശൈലജയും എം മുകേഷും മല്‍സരിക്കാനിറങ്ങി. മുന്‍ മന്ത്രിമാരായ ടിഎം തോമസ് ഐസക്കും സി രവീന്ദ്രനാഥും വി എസ് സുനില്‍ കുമാറും രാജ്യസഭ എംപി എളമരം കരീമും സ്ഥാനാര്‍ത്ഥികളായി.
ജില്ലാ സെക്രട്ടറിമാരില്‍ എം വിജയരാജനും വി ജോയിയും എംവി ബാലകൃഷ്‌ണന്‍ മാസ്‌റ്ററും മത്സരത്തിനിറങ്ങി. കോട്ടയത്ത് കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരിന് വഴിയൊരുങ്ങി. ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്ര മന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്ര ശേഖരനും മുന്‍ എംപി സുരേഷ് ഗോപിയും ദേശീയ സെക്രട്ടറി അനില്‍ ആന്‍റണിയും മല്‍സരിക്കാനിറങ്ങിയപ്പോള്‍ മുന്‍ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരനും പികെ കൃഷ്‌ണദാസും പോലുള്ള നേതാക്കളാണ് പ്രചാരണം നയിക്കാനുണ്ടായത്. പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങള്‍ മൂന്ന് മുന്നണികളും നേരത്തേ തുടങ്ങിയിരുന്നു.
എല്‍ഡിഎഫ് :
തങ്ങളുടെ വോട്ട് ബേസ് ഉറപ്പിച്ചു നിര്‍ത്തുന്നതിലായിരുന്നു ആദ്യ പരിഗണന. താലൂക്ക് അദാലത്തുകളും ജില്ലാ അദാലത്തുകളും നടത്തി ഇടത് മുന്നണിയും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും നേരിട്ട് രംഗത്തിറങ്ങി.പരാതികളും ആവലാതികളും കേള്‍ക്കലിനപ്പുറം സര്‍ക്കാരിന്‍റെ സാമ്പത്തിക പരിമിതി അണികളെ ബോധ്യപ്പെടുത്തുകയും ഈ പരിപാടികളുടെ ലക്ഷ്യമായിരുന്നു.
നേരത്തേ ആസൂത്രണം ചെയ്‌ത പ്രകാരം നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭ മണ്ഡലങ്ങളിലുടനീളം എത്തി. പരാതി സ്വീകരിക്കലിനപ്പുറം രാഷ്‌ട്രീയ വിശദീകരണം ആയിരുന്നു ഇവിടേയും മുഖ്യം. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രസംഗങ്ങളില്‍ മുഖ്യമന്ത്രി ആഞ്ഞടിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കിട്ടിയ കിറ്റ് എവിടെ എന്ന് ആരും ചോദിക്കില്ലെന്ന് ഇടത് മുന്നണി ഉറപ്പിച്ചു. അത്തരം ചോദ്യങ്ങള്‍ നേരിടാനുള്ള ന്യായീകരണങ്ങളുമായി കേഡറുകള്‍ തയാറായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രി തന്നെ സംസ്ഥാന വ്യാപകമായി പ്രചാരണം നയിക്കാനിറങ്ങിയത്. ഒരു ലോക്‌സഭ മണ്ഡലത്തില്‍ മൂന്ന് പൊതു പരിപാടികളില്‍ എന്ന കണക്കില്‍ അറുപത് പൊതുയോഗങ്ങളില്‍ പിണറായി വിജയന്‍ പ്രസംഗിച്ചു.
മാര്‍ച്ച് 30-ന് തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ നിന്നാരംഭിച്ച മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടി ഏപ്രില്‍ 22-ന് തലശ്ശേരിയില്‍ സമാപിച്ചു. പത്മജയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേക്കേറുന്നതും മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഷയങ്ങളും രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോകളില്‍ ലീഗ് പതാകകള്‍ വിലക്കിയതുമൊക്കെ തരാതരം പോലെ മുഖ്യമന്ത്രി ഉപയോഗിച്ചു.
തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി തരംഗം ദൃശ്യമാണെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി പ്രചാരണം അവസാനിപ്പിച്ചത്. കെകെ ശൈലജയ്‌ക്കെതിരെ നടന്ന സൈബര്‍ ആക്രമണവും സിപിഎം നേതാക്കള്‍ക്കെതിരായ ഇഡി അന്വേഷണങ്ങളുമൊക്കെ പ്രചാരണങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും പ്രതിരോധിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പര്യടനം സമാപിച്ചത്.
യുഡി എഫ് :
ഇരുപത് മണ്ഡലങ്ങളിലും കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ നിലനിര്‍ത്തുകയെന്ന ദൗത്യവുമായാണ് കോണ്‍ഗ്രസും യുഡി എഫും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കുറിച്ച് വിചാരണ ചെയ്യുന്ന കെ പിസിസിയുടെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായത്.
കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി നയിച്ച യാത്ര ഫെബ്രുവരി ഒമ്പതിന് ഉദ്ഘാടനം ചെയ്‌തത് എഐ സിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലായിരുന്നു. മാര്‍ച്ച് ഒന്നിന് സമാപന സമ്മേളനത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മുഖ്യാതിഥിയായിരുന്നു.
ടിപി കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെ ഹൈക്കോടതി സിപിഎം നേതാക്കളെക്കൂടി ശിക്ഷിച്ചത് യുഡിഎഫിന് ആയുധമായി. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന് തെളിവായി പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനത്തില്‍ യുവാവ് മരിച്ച സംഭവവും യുഡിഎഫിന് തെരഞ്ഞെടുപ്പ് കാലത്ത് കിട്ടിയ ബോണസായി.
നവകേരള യാത്ര ധൂര്‍ത്തിനെതിരെ പ്രതിഷേധിച്ച കെ എസ് യു യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളും കോണ്‍ഗ്രസ് ജനങ്ങളിലേക്കെത്തിച്ചു. മുടങ്ങിയ ക്ഷേമ പെന്‍ഷന്‍, കാലിയായ മാവേലി സ്‌റ്റോറുകള്‍, കെ-ഫോണ്‍ അഴിമതി, മാസപ്പടിക്കേസ്, കെ-റെയില്‍ എന്നിവയൊക്കെ ഉയര്‍ത്തിയായിരുന്നു യുഡിഎഫ് പ്രചാരണം.
ഐക്യ ജനാധിപത്യ മുന്നണിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ലഭിച്ച അവസരങ്ങളൊക്കെ സിപിഎം ഉപയോഗിക്കുന്നത് കണ്ട തെരഞ്ഞെടുപ്പ് കാലത്ത് വളരെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം വിഷയങ്ങളോട് പ്രതികരിച്ചത്. പ്രചാരണത്തിന്‍റെ തുടക്കത്തില്‍ ഫണ്ട് ക്ഷാമം എന്ന പരാതി ഉയര്‍ത്തി നേതൃത്വം പണപ്പിരിവിന് ഇറങ്ങിയെങ്കിലും ഒരു തടസവുമില്ലാതെ കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് മുന്നേറുന്നതാണ് പിന്നീടുള്ള നാളുകളില്‍ കണ്ടത്.
ദേശീയ നേതാക്കളില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഏതാണ്ട് മുഴുവന്‍ സമയവും കേരളത്തില്‍ സജീവമായി ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും രേവന്ത് റെഡ്ഡിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കനയ്യകുമാറും കേരളത്തില്‍ പ്രചാരണത്തിനെത്തി. ബൂത്ത് തലത്തില്‍ കള്ള വോട്ടുകളും ഇരട്ട വോട്ടുകളും കണ്ടെത്തുന്നതിലും പല മണ്ഡലങ്ങളിലും യുഡി എഫ് പ്രവര്‍ത്തകര്‍ സജീവമായിരുന്നു.
പതിവു പോലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ പരാതികളില്ലെന്നതും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരവും അനുകൂലമാകുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. അതേസമയം ആചാര ലംഘനത്തിന്‍റെ പേരില്‍ കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷ വോട്ടുകളില്‍ വലിയൊരു പങ്ക് ഇത്തവണ ഒപ്പമുണ്ടാവില്ലെന്നും നേതൃത്വം മനസിലാക്കുന്നു.ക്രൈസ്‌തവ സഭയെ ഒപ്പം നിര്‍ത്താന്‍ ബിജെപി നടത്തുന്ന നീക്കങ്ങളും കൂടികണക്കിലെടുത്ത് ന്യൂനപക്ഷ വോട്ട് ഒപ്പം നിര്‍ത്താനുള്ള ശ്രമം എത്രത്തോളം വിജയിക്കുന്നു എന്നതാണ് ഇനി അറിയാനുള്ളത്.
ബിജെപി
കേരളത്തിലെ പ്രചാരണങ്ങളില്‍ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരെത്തുടരെ ആവര്‍ത്തിച്ച വിഷയം കരുവന്നൂരാണ്. കേരള സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും അഴിമതിക്ക് തെളിവായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുന്ന പ്രതീകമാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്. പാവപ്പെട്ട നിക്ഷേപകരെ കൊള്ളയടിച്ച സിപിഎമ്മിന്‍റെ കഥകള്‍ പ്രധാനമന്ത്രി കേരളത്തിലെ പ്രസംഗങ്ങളില്‍ വിവരിക്കുന്നു കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വര്‍ണക്കടത്തും സോളാറും പരാമര്‍ശിച്ച മോദി ഇരു മുന്നണികളും അഴിമതിയുടെ നിഘണ്ടുവായി മാറിയെന്നും ആരോപിച്ചു.
ജനുവരി മൂന്നിന് മഹിളാ മോര്‍ച്ചയുടെ നാരീ ശക്തി മോദിക്കൊപ്പം- പരിപാടി തൃശൂരില്‍. റോഡ് ഷോ. ജനുവരി-16 ന് കൊച്ചിയില്‍ റോഡ് ഷോ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂരില്‍. മാര്‍ച്ചില്‍ പത്തനംതിട്ടയില്‍ അനില്‍ ആന്‍റണിയുടെ പ്രചാരണത്തിന്. നാല് മാസത്തിനിടെ മൂന്ന് തവണ തൃശൂരില്‍ മാത്രം എത്തി. ഏപ്രില്‍ 15-ന് കുന്ദംകുളത്തും കാട്ടാക്കടയിലും.
നരേന്ദ്ര മോദിക്ക് പുറമേ നിര്‍മലാ സീതാരാമന്‍, സ്‌മൃതി ഇറാനി, രാജ്‌നാഥ് തുടങ്ങിയ കേന്ദ്ര മന്ത്രിമാരും കേരളത്തിലെ പ്രചാരണം കൊഴുപ്പിക്കാനെത്തി. വന്നവരൊക്കെയും കേരള സര്‍ക്കാരിന്‍റെ ധനധൂര്‍ത്തിലാണ് ശ്രദ്ധ ചെലുത്തിയത്. കൂടാതെ നടി ശോഭന ബിജെപിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതും പാര്‍ട്ടിയുടെ പ്രചാരണത്തിന് ശോഭ കൂട്ടി.
Also Read : ഇഞ്ചോടിഞ്ചില്‍ കോഴിക്കോട്: പ്രധാന പോരാട്ടം സിറ്റിങ് എംപിമാർ തമ്മിൽ - Kozhikkode Loksabha Constituency