മലപ്പുറം: 6 വർഷം കഴിഞ്ഞിട്ടും സർക്കാർ ധന സഹായം ലഭിക്കാതെ പ്രളയത്തിൽ വീട് തകർന്ന കുടുംബങ്ങൾ. ചാലിയാർ പഞ്ചായത്തിലെ ആനക്കുളത്താണ് പ്രാണഭീതിയിൽ പാതി തകർന്ന വീടുകളിൽ ആളുകൾ കഴിയുന്നത്. ജിയോളജി വിഭാഗം ഏതു സമയത്തും ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ് നൽകിയ സ്ഥലത്ത് ജീവൻ പണയം വെച്ചാണ് ഈ കുടുംബങ്ങൾ കഴിയുന്നത്.
2018 ൽ ആനക്കുളത്ത് നിന്നും 150 മീറ്റർ മാത്രം അകലെയുള്ള ചെട്ടിയൻപാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 6 ജീവനുകളാണ് നഷ്‌ടമായത്. ഉരുൾപൊട്ടലിൻ്റെ ആഘാതത്തിൽ പാതി തകർന്ന 6 വീടുകളാണ് ആനക്കുളത്തുള്ളത്. ആനക്കുളത്തെ കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീടുവയ്ക്കാൻ നഷ്‌ടപരിഹാരമായി 10 ലക്ഷം രൂപ നൽകുമെന്ന് മന്ത്രിമാർ, എംഎൽഎമാർ, ജില്ല കലക്‌ടർ, തഹസിൽദാർ ഉൾപ്പെടെയുള്ളവർ 2018 ൽ ഉറപ്പ് നൽകിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കലക്‌ടറേറ്റിലും താലൂക്ക് ഓഫിസിലും ജനപ്രതിനിധികളുടെ വീടുകളിലും കയറിയിറങ്ങിയെന്നല്ലാതെ ധന സഹായം ലഭിച്ചില്ല. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് ഈ നിർധന കുടുംബങ്ങൾക്ക് അർഹതപ്പെട്ട സഹായം നിഷേധിക്കുന്നത്. സുബൈദ ആനകല്ലൻ, അബു മലയൻകുളവൻ, തങ്കമ്മ ആലക്കൽ, ലത ചേലക്കാൻ, സീതാദേവി ചേലക്കാടൻ, രജിത തെക്കേടത്ത് എന്നിവർക്കാണ് ഇനിയും ധന സഹായം ലഭിക്കാത്തത്.
സുബൈദയുടെ മാതാവ് 74 കാരിയായി നബീസ ഹൃദ്രോഗി കൂടിയാണ്. സമുദ്രനിരപ്പിൽ നിന്നും 1000 അടിയോളം ഉയരത്തിൽ കിടക്കുന്ന ആനക്കുളത്ത് ജീപ്പുകൾ മാത്രമേ എത്തു. നബീസയെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ ജീപ്പ് കൂലി മാത്രം 800 രൂപ നൽകണം. അധികൃതരോട് നബീസ ഒന്നു മാത്രമേ ചോദിക്കുന്നുള്ളു. മരിക്കും മുൻപ് പേടിക്കാതെ കിടക്കാൻ ഒരു വീട് തരുമോ എന്ന്.
സതീദേവിയുടെ വീട് പ്രളയത്തിൽ പൂർണമായും തകർന്നതാണ്. മുട്ടയേലിൽ വാടക വീട്ടിലാണ് ഇവരുടെ നിലവിലെ താമസം. ധന സഹായത്തിനായി കാത്തിരുന്ന തങ്കമ്മ, അധികൃതർ കണ്ണു തുറക്കും മുന്‍പേ മരിച്ചു. കൂലിപണി ചെയ്‌താണ് ഈ നിർധന കുടുംബങ്ങൾ കഴിയുന്നത്.
ഏതു സമയത്തും ഉരുൾപൊട്ടുമെന്ന് കഴിഞ്ഞ 6 വർഷവും ജിയോളജി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും എന്തുകൊണ്ടാണ് തങ്ങൾക്ക് അർഹതപ്പെട്ട ധന സഹായം ലഭിക്കാത്തതെന്ന് ഇവർ ചോദിക്കുന്നു.