ഇടുക്കി: ചിന്നക്കനാലിൽ ചരിഞ്ഞ മുറിവാലൻ കൊമ്പന്‍റെ ശരീരത്തിൽ നിന്ന് 20 പെല്ലറ്റുകൾ കണ്ടെത്തി. പോസ്‌റ്റുമോർട്ടം പരിശോധനയിലാണ് പെല്ലറ്റുകൾ കണ്ടെത്തിയത്. ഇതിൽ 19 പെല്ലറ്റുകളും ട്വൽവ് ബോർ തോക്കുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിന് കാലപ്പഴക്കമുള്ളതായി വൈദ്യസംഘം പറഞ്ഞു. ചക്കക്കൊമ്പന്‍റെ ആക്രമണത്തിൽ മുറിവേറ്റ ആന കഴിഞ്ഞ ഞായറാഴ്‌ച (സെപ്‌റ്റംബർ 1) പുലർച്ചെയാണ് ചരിഞ്ഞത്.
വന്യജീവികളെ തുരത്താനായി വനം വകുപ്പ് ഉപയോഗിക്കുന്ന തോക്കുകൾ ആണ് ട്വൽവ് ബോർ ആക്ഷൻ തോക്കുകൾ. ദേവികുളം റേഞ്ചിൽ 4 ട്വൽവ് ബോർ തോക്കുകൾ ആണുള്ളത്. എന്നാൽ ഇവ ഇതുവരെ ഉപയോഗിച്ചിട്ടില്ല.
മുറിവാലൻ കൊമ്പന്‍റെ ശരീരത്തിൽ ഉള്ള പെല്ലറ്റുകൾ എയർഗൺ പോലുള്ള തോക്കുകൾ ഉപയോഗിച്ച് വെടിവെച്ചതാകാം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇടത്തരം വലുപ്പത്തിലുള്ള ഒരു പെല്ലറ്റും മുറിവാലന്‍റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ പെല്ലറ്റുകളൊന്നും ആനയുടെ ആന്തരികാവയവങ്ങളിൽ ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ളവയല്ല.
മുറിവാലൻ കൊമ്പനെ മറവ് ചെയ്‌തു: ചക്കക്കൊമ്പന്‍റെ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഞായറാഴ്‌ച പുലർച്ചെ ചരിഞ്ഞ മുറിവാലൻ കൊമ്പന്‍റെ ജഡം പോസ്‌റ്റുമോർട്ടം നടത്തിയതിന് ശേഷം മറവു ചെയ്‌തു. ചിന്നക്കനാൽ അറുപതേക്കറിന് സമീപമുളള ചോലയിലാണ് ജഡം മറവ് ചെയ്‌തത്.
വനം വകുപ്പ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സക്കറിയ, വനം വകുപ്പ് വെറ്ററിനറി സർജന്മാരായ ഡോ. പിജി സിബി, എസ്കെ അരുൺകുമാർ, ആർ അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്‌റ്റുമോർട്ടം നടത്തിയത്.
ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ കരളിനേറ്റ ക്ഷതമാണ് മുറിവാലൻ കൊമ്പന്‍റെ മരണ കാരണമെന്ന് പോസ്‌റ്റ്‌മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു. ചക്കക്കൊമ്പന്‍റെ നീണ്ട കൊമ്പുകൾ ആഴ്ന്നിറങ്ങിയാണ് മുറിവാലന്‍റെ കരളിന് പരിക്കേറ്റത്. ഇതുകൂടാതെ വാരിയെല്ലുകൾക്കും പൊട്ടൽ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്‌റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ കൊമ്പനും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ മുറിവാലൻ കൊമ്പൻ്റെ പുറത്ത് ആഴത്തിലുള്ള പരിക്കുകൾ പറ്റിയിരുന്നു. മുറിവുകൾ പഴുത്തത്തോടെ ആന അവശനിലയിലായി.
തുടർന്ന് ഓഗസ്‌റ്റ് 30ന് രാവിലെയോടെ ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള വനമേഖലയിൽ ആന വീണു. അവിടെ തന്നെ ആനയ്ക്ക് വനം വകുപ്പ് അധികൃതരുടെയും ഡോക്‌ടർമാരുടെയും നേതൃത്വത്തിൽ ചികിത്സ നൽകി. എന്നാൽ ആനയുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല.
മുറിവാലൻ കൊമ്പനും ചക്കക്കൊ മ്പനും അരികൊമ്പനുമായിരുന്നു മൂന്നാര്‍ ഭാഗത്തെ സ്ഥിരം പ്രശ്‌നക്കാര്‍. മുറിവാലൻ കൊമ്പന്‍റെ ജഡം സംസ്‌കരിക്കുന്നതിന് മുൻപ് തദ്ദേശീയരായ മുതുവാൻ വിഭാഗത്തിൽപ്പെട്ടവർ ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു. മൂന്നാർ എസിഎഫ് ജോബ് ജെ നേര്യംപറമ്പിൽ, ദേവികുളം റേഞ്ച് ഓഫിസർ പിവി വെജി എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്‌താണ് നടപടികൾ പൂർത്തിയാക്കിയത്.
Also Read: ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി; ഗുരുതര പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു