തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്ന് (മാര്‍ച്ച് 28) സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷ്, കാസര്‍ഗോഡ് എന്‍ഡിഎ സ്ഥാനാര്‍ഥി എംഎല്‍ അശ്വിനി എന്നിവരാണ് ഇന്ന് പത്രിക സമര്‍പ്പിച്ചവരില്‍ പ്രമുഖര്‍.
മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം- 4, കൊല്ലം- 3 , മാവേലിക്കര- 1, കോട്ടയം- 1, എറണാകുളം- 1, തൃശ്ശൂര്‍- 1, കോഴിക്കോട്- 1, കാസര്‍കോട്- 2. മറ്റ് മണ്ഡലങ്ങളില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ രണ്ട് പത്രികകള്‍ വീതവും കാസര്‍കോട് ഒരാള്‍ മൂന്നു പത്രികയും സമര്‍പ്പിച്ചു.
ആകെ 18 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഏപ്രില്‍ നാലുവരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. ദുഖവെള്ളി ദിനമായ മാര്‍ച്ച് 29, ഈസ്‌റ്റര്‍ ദിനമായ മാര്‍ച്ച് 31, സാമ്പത്തിക വര്‍ഷാരംഭ ദിനമായ ഏപ്രില്‍ 1 എന്നീ ദിവസങ്ങള്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്‌ട് പ്രകാരം അവധി ദിനങ്ങളായതിനാല്‍ ഈ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല.
രാവിലെ 11 മുതല്‍ വൈകിട്ട് 3 മണിവരെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ 5 ന് പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. ഏപ്രില്‍ 8 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.