കോഴിക്കോട് : ജൂലൈ 25 മുതൽ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ത്രിതല പഞ്ചായത്തുകളും സംയുക്തമായി കോടഞ്ചേരി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലുമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവലിന്‍റെ അനുബന്ധ മത്സരങ്ങൾക്ക് കോടഞ്ചേരിയിൽ തുടക്കമായി.
കോടഞ്ചേരി നിരന്നപാറയിലെ അഡ്വഞ്ചർ പാർക്കിൽ നടക്കുന്ന ഓഫ് റോഡ് സംസ്ഥാന ചാമ്പ്യൻഷിപ്പ് മത്സരത്തോടെയാണ് റിവർ ഫെസ്‌റ്റിവലിന് തുടക്കമായത്. കോടഞ്ചേരിയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ പി ഗവാസ് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്‌തു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് അലക്‌സ് തോമസ്, വൈസ് പ്രസിഡന്‍റ് ചിന്ന അശോകൻ, അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, ടെക്‌നിക്കൽ കമ്മിറ്റിയംഗം കെ സനോജ്, ഷിബു പുതിയേടത്ത്, ലിസി ചാക്കോ, റീന സാബു, ഷെല്ലി മാത്യു, പോൾസൺ അറക്കൽ,റോഷൻ കൈനടി, സി എസ് ശരത്ത്, എം എസ് അജുഇമ്മാനുവൽ, തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ന് (ജൂൺ 22) രാവിലെ 7 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ ഞായറാഴ്‌ച അവസാനിക്കും. മത്സര വിജയികൾക്ക് തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫ് കലക്‌ടർ സ്നേഹിൽ കുമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടാതെ ഇതിനോടനുബന്ധിച്ച് തിരുവമ്പാടിയിൽ ഇന്ന് ചൂണ്ടയിടൽ മത്സരവും നടക്കും.
ALSO READ : കോഴിക്കോടിന് ഇനി മത്സര ദിനങ്ങള്‍: 10ാമത് മലബാർ റിവർ ഫെസ്റ്റിന് നാളെ തുടക്കം