വിശാഖപട്ടണം : ഇംഗ്ലണ്ടിനെിരായ രണ്ടാം ടെസ്റ്റില്‍ (India vs England 2nd Test) ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് യുവ താരം യശസ്വി ജയ്സ്വാളിന്‍റെ പ്രകടനമാണ്. മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ സ്റ്റംപെടുക്കുമ്പോള്‍ തകര്‍പ്പന്‍ സെഞ്ചുറിയില്‍ പുറത്താവാതെ നില്‍ക്കുകയാണ് 22-കാരന്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള താരങ്ങള്‍ നല്ല തുടക്കം കിട്ടിയിട്ടും വലിയ സ്‌കോര്‍ നേടാതെ മടങ്ങിയപ്പോള്‍ മോശം പന്തുകളെ ആക്രമിച്ചും നല്ല പന്തുകളെ പ്രതിരോധിച്ചുമാണ് യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) തന്‍റെ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്.
257 പന്തുകളില്‍ നിന്നും 17 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടെ 179 റണ്‍സാണ് താരം ഇതേവരെ നേടിയിട്ടുള്ളത്. നിശ്ചിത ഇടവേളകളില്‍ ഇംഗ്ലീഷ് ബോളര്‍മാര്‍ ഒരററ്റത്ത് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും യശസ്വി മികവ് പുലര്‍ത്തിയതോടെയാണ് ഇന്ത്യ സമ്മര്‍ദമൊഴിവാക്കിയത്. ഇപ്പോഴിതാ താരത്തെക്കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരത്തെ നടത്തിയ പ്രവചനം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
ജൂനിയര്‍ ക്രിക്കറ്റില്‍ സെഞ്ച്വുറി നേട്ടം ആഘോഷിക്കുന്ന യശസ്വി ജയ്‌സ്വാളിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് 'നെക്‌സ്‌റ്റ് സൂപ്പര്‍ സ്റ്റാര്‍' എന്നായിരുന്നു രോഹിത് കുറിച്ചത്. 2020 മാര്‍ച്ച് 30ന് ആയിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ (അന്നത്തെ ട്വിറ്റര്‍) രോഹിത്തിന്‍റെ പോസ്റ്റ് വന്നത്. ഇപ്പോള്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ രോഹിത്തിന്‍റെ ഈ വാക്കുകള്‍ക്ക് അടിവരയിട്ടിരിക്കുകയാണ് യശസ്വി.
ഇന്ത്യയുടെ കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെയാണ് യശസ്വി ജയ്‌സ്വാള്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. കന്നി മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി വരവ് പ്രഖ്യാപിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദില്‍ നടന്ന ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ അടിച്ച് കളിച്ച് 74 പന്തില്‍ 80 റണ്‍സെടുത്തായിരുന്നു യുവതാരം പുറത്തായത്. വിശാഖപട്ടണത്ത് മത്സരത്തിന്‍റെ രണ്ടാം സെഷന്‍റെ തുടക്കത്തില്‍ യശസ്വി ജയ്‌സ്വാള്‍ മൂന്നക്കത്തിലേക്ക് എത്തിയിരുന്നു.
ഇംഗ്ലണ്ട് സ്‌പിന്നർ ടോം ഹാർട്ട്‌ലിയെ ലോങ് ഓണിലേക്ക് ഒരു കൂറ്റന്‍ സിക്‌സറിന് പറത്തിയാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അതേസമയം മത്സരത്തിന്‍റെ ആദ്യ ദിനം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 336 റണ്‍സ് എന്ന നിലയാണ് ആതിഥേയര്‍ അവസാനിപ്പിച്ചത്. യശസ്വി ജയ്‌സ്വാളിനൊപ്പം ആര്‍ അശ്വിനാണ് (5*) പുറത്താവാതെ നില്‍ക്കുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (14), ശുഭ്‌മാന്‍ ഗില്‍ (34), ശ്രേയസ് അയ്യര്‍ (27), രജത് പടിദാര്‍ (32), അക്‌സര്‍ പട്ടേല്‍ (27), ശ്രീകര്‍ ഭരത് (17) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്‌ടമായത്. മത്സരത്തിന്‍റെ രണ്ടാം ദിനമായ നാളെ യശസ്വിയുടെ ഡബിള്‍ സെഞ്ചുറിയാണ് ആരാധകര്‍ പ്രതീക്ഷ വയ്‌ക്കുന്നത്. അതേസമയം സ്‌ഫോടനാത്മക ബാറ്റിങ്ങിലൂടെ ഇന്ത്യന്‍ ടി20 ടീമില്‍ തന്‍റെ ഇടം ഏറെക്കുറെ സുരക്ഷിതമാക്കാന്‍ ഇതിനകം തന്നെ താരത്തിന് കഴിഞ്ഞിട്ടുണ്ട്.