മുംബൈ : ഒരു കളിക്കാരന്‍ ആഭ്യന്തര ക്രിക്കറ്റിന് ഇറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ 'നിർബന്ധിതമായി' ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ലെന്ന് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാൻ സാഹ (Wriddhiman Saha). ഓരോ മത്സരത്തിനും അതിന്‍റേതായ പ്രധാന്യമുണ്ട്. ആഭ്യന്തര ക്രിക്കറ്റ് മികച്ച അടിത്തറയാണെന്നും സാഹ പ്രതികരിച്ചു.
2023-24 സീസണിലെ വാർഷിക കരാറില്‍ നിന്നും ഇഷാൻ കിഷനെയും (Ishan Kishan) ശ്രേയസ് അയ്യരെയും (Shreyas Iyer) ബിസിസിഐ ഒഴിവാക്കിയതിന് പിന്നാലെയാണ് 39-കാരന്‍റെ പ്രതികരണം. രഞ്‌ജി ട്രോഫിയില്‍ കളിക്കാന്‍ ഇറങ്ങണമെന്ന് ബിസിസിഐ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും തങ്ങളുടെ ടീമുകള്‍ക്കായി കളിക്കാന്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും തയ്യാറായിരുന്നില്ല. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളിച്ച താരങ്ങളാണ് ഇരുവരും.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ അവധിയെടുത്ത ഇഷാന്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേയസ് ഇറങ്ങിയിരുന്നു. എന്നാല്‍ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്നും 29-കാരന്‍ ഒഴിവാക്കപ്പെട്ടു.
രണ്ടാം ടെസ്റ്റിന് ശേഷം പുറംവേദനയെക്കുറിച്ച് ശ്രേയസ് പരാതിപ്പെട്ടിരുന്നെങ്കിലും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ താരം ഫിറ്റ്‌നസ് തെളിയിച്ചിരുന്നു. ഇതോടെ രഞ്‌ജി ട്രോഫി കളിക്കേണ്ടത് നിര്‍ബന്ധമായിരുന്നുവെങ്കിലും ശ്രേയസ് അതിന് തയ്യാറായില്ല.
"ഒന്ന് ബിസിസിഐയുടെ തീരുമാനവും, മറ്റേത് ബന്ധപ്പെട്ട കളിക്കാരുടെ വ്യക്തിപരമായ തീരുമാനവുമാണ്. നിർബന്ധിതമായി നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിന്‍റെ പ്രാധാന്യം എല്ലായ്‌പ്പോഴും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ അവന്‍ കഴിഞ്ഞ 4-5 വർഷങ്ങളിൽ ധാരാളം റൺസ് നേടിയിട്ടുണ്ട്. ഇപ്പോള്‍ അവന്‍ ഇന്ത്യയ്‌ക്കായും കളിക്കുന്നു. ഫിറ്റ്‌നസുള്ളപ്പോള്‍ ക്ലബ് മത്സരങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ മത്സരങ്ങളും ഞാന്‍ കളിക്കും. ഓരോ മത്സരത്തിനും ഞാന്‍ പ്രാധാന്യം നല്‍കാറുണ്ട്. എന്നെ സംബന്ധിച്ച് എല്ലാ മത്സരങ്ങളും തുല്യമാണ്. ഓരോ കളിക്കാരനും ആ രീതിയിൽ ചിന്തിച്ചാൽ മാത്രമേ അവരുടെ കരിയറിൽ അഭിവൃദ്ധി ഉണ്ടാകൂ. അത് ഇന്ത്യൻ ക്രിക്കറ്റിനും നല്ലതായിരിക്കും" - വൃദ്ധിമാന്‍ സാഹ പറഞ്ഞു.
ALSO READ: 'ബിസിസിഐ ചെയ്‌തത് ശരി' ; ഇഷാൻ കിഷന്‍റെയും ശ്രേയസ് അയ്യരുടെയും കരാര്‍ റദ്ദാക്കിയതില്‍ സൗരവ് ഗാംഗുലി
ഇന്ത്യയ്‌ക്കായി 40 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരമാണ് വൃദ്ധിമാന്‍ സാഹ. 1,353 റണ്‍സ് നേടിയ താരത്തിന്‍റെ അക്കൗണ്ടില്‍ 104 ഡിസ്‌മിസലുകളുമുണ്ട്. 92 ക്യാച്ചുകളും 12 സ്റ്റംപിങ്ങുമുള്‍പ്പടെയാണിത്. അതേസമയം എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് ഗ്രേഡുകളായി ആകെ 30 താരങ്ങളാണ് ബിസിസിഐയുമായി കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2022-23 വര്‍ഷത്തെ കേന്ദ്ര കരാറില്‍ ശ്രേയസ് ബി വിഭാഗത്തിലും ഇഷാൻ കിഷൻ സി വിഭാഗത്തിലുമാണ് ഉണ്ടായിരുന്നത്.