ബെംഗളൂരു: വനിത പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ യുപി വാരിയേഴ്‌സ് പോരാട്ടം (Royal Challengers Bangalore vs UP Warriorz). ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി എട്ടിന് കളി തുടങ്ങും.
കഴിഞ്ഞ സീസണിലെ ചീത്തപ്പേര് മാറ്റാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യൻ സ്റ്റാര്‍ ബാറ്റര്‍ സ്‌മൃതി മന്ദാനയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വമ്പൻ താരനിര അണിനിരന്നിട്ടും പ്രഥമ സീസണിലെ എട്ട് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രമായിരുന്നു ആര്‍സിബി നേടിയത്. അവസാന വര്‍ഷം കളിച്ച ആദ്യ അഞ്ച് മത്സരങ്ങളും തോറ്റത് ടീമിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.
ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയുടെ മോശം ഫോമും ടീമിന് തിരിച്ചടിയായി. ഇക്കുറി ഇതില്‍ നിന്നും ഒരു മാറ്റമാണ് ആര്‍സിബിയുടെ ലക്ഷ്യം. സ്‌മൃതി മന്ദാന, എല്ലിസ് പെറി, സോഫി ഡിവൈൻ എന്നിവരിലാണ് ഇക്കുറിയും ആര്‍സിബിയുടെ പ്രതീക്ഷകള്‍.
മറുവശത്ത് കഴിഞ്ഞ വര്‍ഷം പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായാണ് യുപി വാരിയേഴ്‌സ് മടങ്ങിയത്. പ്ലേ ഓഫില്‍ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടുകൊണ്ടായിരുന്നു ടീമിന്‍റെ പുറത്താകല്‍. ആദ്യ റൗണ്ടില്‍ എട്ട് മത്സരങ്ങളില്‍ നിന്നും നാല് ജയങ്ങളായിരുന്നു യുപി വാരിയേഴ്‌സ് കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്. അലീസ ഹീലി, ഡാനി വ്യാറ്റ്, താഹിയ മക്‌ഗ്രാത്ത് എന്നിവരുടെ കരുത്തില്‍ കുതിപ്പ് നടത്താനുള്ള ശ്രമങ്ങളിലാണ് യുപി വാരിയേഴ്‌സ്.
നേര്‍ക്കുനേര്‍ കണക്ക് : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും യുപി വാരിയേഴ്‌സും കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടി. ഇരു ടീമും തമ്മിലേറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ യുപി വാരിയേഴ്‌സ് പത്ത് വിക്കറ്റിനാണ് ആര്‍സിബിയെ തോല്‍പ്പിച്ചത്. ലീഗ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ സ്‌മൃതിയും കൂട്ടരും തിരിച്ചടിച്ചു. അഞ്ച് വിക്കറ്റിനായിരുന്നു അന്ന് ആര്‍സിബി നേടിയത്.
Also Read : 'സൂപ്പര്‍ സജന',അവസാന പന്തില്‍ മലയാളി താരത്തിന്‍റെ 'സിക്‌സര്‍'; വനിത പ്രീമിയര്‍ ലീഗില്‍ ജയിച്ച് തുടങ്ങി മുംബൈ
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്ക്വാഡ്: സ്‌മൃതി മന്ദാന (ക്യാപ്‌റ്റൻ), എല്ലിസ് പെറി, സോഫി ഡിവൈൻ, ജോർജിയ വെയർഹാം, റിച്ച ഘോഷ്, ആശാ ശോഭന, ദിഷ കസത്, കേറ്റ് ക്രോസ്, ഇന്ദ്രാണി റോയ്, കനിക അഹൂജ, ശ്രേയങ്ക പാട്ടീൽ, രേണുക സിങ്, ശുഭ സതീഷ്, എസ് മേഘന, സിമ്രാൻ ബഹദൂർ, സോഫി മോളിനക്സ്.
യുപി വാരിയേഴ്‌സ് സ്ക്വാഡ്: അലീസ ഹീലി (ക്യാപ്‌റ്റൻ), ഡാനി വ്യാറ്റ്, ഗ്രേസ് ഹാരിസ്, ദീപ്‌തി ശര്‍മ, സോഫി എക്ലസ്റ്റോണ്‍, കിരൺ നവ്ഗിരെ, താഹിയ മക്ഗ്രാത്ത്, രാജേശ്വരി ഗെയ്‌ക്‌വാദ്, അഞ്ജലി സര്‍വാണി, ചാമാരി അത്തപത്തു, ലക്ഷ്‌മി യാദവ്, പാര്‍ഷവി ചോപ്ര, സോപ്പദാണ്ടി യശശ്രീ, ശ്വേത സെഹ്‌രാവത്ത്, വൃന്ദ ദിനേശ്, പൂനം ഖേംനാര്‍, സൈമ താക്കൂര്‍, ഗൗഹെര്‍ സുല്‍ത്താന.