ഹൈദരാബാദ് : ഐപിഎല്ലില്‍ വിജയക്കുതിപ്പ് നടത്തുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് മോഹങ്ങള്‍ ചെറുതായെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ആര്‍സിബിയ്‌ക്ക് ഇന്ന് ജയിച്ചേ പറ്റൂ.
ഈ സാഹചര്യത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകായണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റര്‍ വില്‍ ജാക്‌സ്. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാലും ആര്‍സിബിയ്‌ക്ക് പ്ലേ ഓഫിലേക്ക് കടക്കാൻ സാധിക്കുമെന്നാണ് താരത്തിന്‍റെ അഭിപ്രായം.
'ന്യൂ ബോളില്‍ പരമാവധി വിക്കറ്റ് നേടാനായിരിക്കും ഞങ്ങളുടെ ശ്രമം. ആ ശ്രമം വിജയിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയും. ഈയൊരു സാഹചര്യത്തില്‍ നിന്നും ഞങ്ങള്‍ക്ക് കുറച്ച് ജയങ്ങള്‍ നേടാൻ സാധിച്ചാല്‍ എന്താണ് നടക്കാൻ പോകുന്നതെന്ന് നിങ്ങള്‍ക്ക് പോലും അറിയാൻ കഴിയില്ല.
വളരെ ആത്മവിശ്വാസത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളിക്കുന്നത്. മൂന്ന് കളികളില്‍ 260ന് മുകളില്‍ സ്കോര്‍ കണ്ടെത്താൻ അവര്‍ക്ക് സാധിച്ചു. അവരുടെ എല്ലാ ബാറ്റര്‍മാരും ഫോമിലാണ്.
ഹോം ഗ്രൗണ്ടിലാണ് അവരിപ്പോള്‍ കളിക്കുന്നത്. ഇവിടെ വെല്ലുവിളികള്‍ ഏറെയാണ്. ശരാശരി സ്കോറിലോ അതിലും താഴെയോ അവരെ എറിഞ്ഞൊതുക്കിയാല്‍ ഈ മത്സരം ഞങ്ങള്‍ക്ക് വിജയിക്കാൻ സാധിക്കും
ആദ്യ പന്ത് മുതല്‍ തന്നെ ബൗളര്‍മാരെ കടന്നാക്രമിക്കുകയാണ് അവരുടെ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും. അവരുടെ പദ്ധതികള്‍ എന്താണെങ്കിലും അതെല്ലാം ഞങ്ങള്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇവരുടെ വിക്കറ്റ് പെട്ടന്ന് നേടാൻ സാധിച്ചാല്‍ ചെറിയ സ്കോറില്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടാൻ സാധിക്കും'- വില്‍ ജാക്‌സ് അഭിപ്രായപ്പെട്ടു.
തുടര്‍ തോല്‍വികളില്‍ നിന്നും മോചനം തേടിയാണ് ആര്‍സിബി ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനെത്തുന്നത്. സീസണിലെ എട്ട് കളിയില്‍ നിന്നും ഒരു ജയം മാത്രമാണ് ബെംഗളൂരുവിന് ഇതുവരെ നേടാൻ സാധിച്ചത്. പോയിന്‍റ് പട്ടികയിലെ പത്താം സ്ഥാനക്കാരാണ് നിലവില്‍ ആര്‍സിബി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സാധ്യത ടീം : ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്‌ഡൻ മാര്‍ക്രം, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), അബ്‌ദുല്‍ സമദ്, നിതീഷ് കുമാര്‍ റെഡ്ഡി, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍കണ്ഡെ, ടി നടരാജൻ.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സാധ്യത ടീം: ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റൻ), വിരാട് കോലി, വില്‍ ജാക്‌സ്, രജത് പടിദാര്‍, കാമറൂണ്‍ ഗ്രീൻ/ഗ്ലെൻ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, സുയഷ് പ്രഭുദേശായി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.