മുംബൈ : രഞ്‌ജി ട്രോഫിയ്‌ക്ക് (Ranji Trophy) ഇറങ്ങാതിരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വാര്‍ഷിക കരാറില്‍ ( BCCI central contract) നിന്നും ഇഷാന്‍ കിഷന്‍ (Ishan Kishan), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരെ ബിസിസിഐ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) നിലനിര്‍ത്തി. കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ 30-കാരന്‍ പിന്നീട് ഇന്ത്യയ്‌ക്കായി കളിച്ചിട്ടില്ല.
രഞ്‌ജിയില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്ന താരം നിലവില്‍ ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ്. ബറോഡയില്‍ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയ്‌ക്ക് ഒപ്പം പരിശീലനം നടത്തിയിരുന്ന താരം കോര്‍പ്പറേറ്റ് ടൂര്‍ണമെന്‍റായ ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ കളിക്കാന്‍ ഇറങ്ങുകയും ചെയ്‌തു. ഇഷാന്‍ കിഷനും ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ കളിച്ചിരുന്നു.
ഇതോടെ ബിസിസിഐയുടേത് ഇരട്ട നീതിയാണെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്ത് എത്തി. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും (Irfan pathan) ഉള്‍പ്പെട്ടിരുന്നു. ഒരു നടപടി എല്ലാവര്‍ക്കും ബാധകമല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഒരിക്കലും പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കില്ലെന്നായിരുന്നു ഇര്‍ഫാന്‍ പഠാന്‍ തുറന്നടിച്ചത്.
ഇപ്പോഴിതാ ഹാര്‍ദിക്കിന് കരാര്‍ നല്‍കാനുള്ള ബിസിസിഐ തീരുമാനത്തിന് പിന്നിലെ കാരണം പുറത്ത് വന്നിരിക്കുകയാണ്. വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഇന്ത്യയ്‌ക്കായി കളിക്കാത്ത സമയം വൈറ്റ് ബോള്‍ ടൂര്‍ണമെന്‍റുകളായ സയ്യിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റിലും വിജയ് ഹസാരെ ട്രോഫിയിലും ബറോഡയ്‌ക്കായി കളിക്കാമെന്ന് ഹാര്‍ദിക് ബിസിസിഐക്കും സെലക്‌ടര്‍മാര്‍ക്കും ഉറപ്പ് നല്‍കി. റെഡ് ബോള്‍ ക്രിക്കറ്റില്‍ പന്തെറിയാന്‍ നിലവില്‍ ഹാര്‍ദിക്കിന് കഴിയില്ലെന്ന് മെഡിക്കല്‍ സംഘം വിലയിരുത്തി എന്നുമാണ് ഒരു ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
"ഞങ്ങള്‍ ഹാർദിക് പാണ്ഡ്യയുമായി വിഷയം ചർച്ച ചെയ്തിരുന്നു. ലഭ്യമാകുന്ന സമയങ്ങളില്‍ ആഭ്യന്തര വൈറ്റ് ബോള്‍ ടൂർണമെന്‍റുകളില്‍ കളിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍, റെഡ് ബോള്‍ ടൂർണമെന്‍റുകളില്‍ പന്തെറിയാൻ അവന് കഴിയില്ലെന്നാണ് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ വിലയിരുത്തല്‍.
അതിനാല്‍ തന്നെ രഞ്‌ജി ട്രോഫിയില്‍ കളിക്കാന്‍ ഹാര്‍ദിക്കിന് കഴിയില്ല. എന്നാല്‍ ഇന്ത്യയ്‌ക്കായി കളിക്കാത്ത സമയം അവന്‍ മറ്റ് വൈറ്റ് ബോള്‍ ടൂര്‍ണമെന്‍റുകള്‍ക്ക് ഇറങ്ങേണ്ടി വരും. അത് ചെയ്‌തില്ലെങ്കില്‍, കരാറും നഷ്‌ടമാവും" - ബിസിസിഐ പ്രതിനിധി പ്രതികരിച്ചു.
ALSO READ: 'അവൻ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യൻ' ; സര്‍ഫറാസ് ഖാനെ പ്രശംസിച്ച് സൗരവ് ഗാംഗുലി
എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് ഗ്രേഡുകളായി തിരിച്ച് 30 താരങ്ങളുമായാണ് ബിസിസിഐ കരാറിലെത്തിയിരിക്കുന്നത്. എ പ്ലസ് വിഭാഗത്തിലുള്ളവര്‍ക്ക് 7 കോടിയാണ് പ്രതിഫലം ലഭിക്കുക. അഞ്ച് കോടി പ്രതിഫലമുള്ള എ വിഭാഗത്തിലാണ് ഹാര്‍ദിക്. ബി ഗ്രേഡിന് മൂന്ന് കോടിയും സി ഗ്രേഡിന് ഒരു കോടിയുമാണ് പ്രതിഫലം. കൂടാതെ ഫാസ്റ്റ് ബോളര്‍മാര്‍ക്കായി ഒരു പുതിയ കാറ്റഗറി കൂടി ബിസിസിഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്.