മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) ലണ്ടനില്‍ നിന്നും തിരികെ എത്തി. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള താരത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം (Anushka Sharma) തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു കോലി ലണ്ടനിലേക്ക് പറന്നത്.
ഇതിന്‍റെ ഭാഗമായി ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയില്‍ നിന്നും 35-കാരന്‍ പൂര്‍ണായി വിട്ടുനിന്നിരുന്നു. തന്‍റെ അരങ്ങേറ്റത്തിന് ശേഷം ഇതാദ്യമായി ആയിരുന്നു താരം ഒരു ടെസ്റ്റ് പരമ്പരയില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്നത്. ഐപിഎൽ 2024-ന് (IPL 2024) മുന്നോടിയായി ആണ് താരത്തിന്‍റെ തിരിച്ചുവരവ്.
മാർച്ച് 19-ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ( Royal Challengers Bangalore) 'അൺബോക്‌സ്' ഇവന്‍റിന് മുന്നോടിയായി 35-കാരനായ കോലി സഹതാരങ്ങൾക്കൊപ്പം ചേരാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ബെംഗളൂരുവിലാണ് പരിപാടി നടക്കുക. ആര്‍സിബിയെ സംബന്ധിച്ച് കോലിയുടെ ഫോം ടൂര്‍ണമെന്‍റില്‍ ഏറെ നിര്‍ണായകമാണ്.
മാര്‍ച്ച് 22-ന് ആരംഭിക്കുന്ന ഐപിഎല്‍ 2024-ന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് (Chennai Super Kings) നേരിടുന്നത്. ഇതോടെ സീസണില്‍ ആദ്യം തന്നെ ധോണി- കോലി പോര് ആരാധകരുടെ ആവേശമേറ്റുന്ന കാര്യമാണ്. അതേസമയം പുതിയ സീസണിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ പേരുമാറ്റത്തിന് ഒരുങ്ങുന്നുവെന്ന നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.
2008-ലെ പ്രഥമ സീസണ്‍ മുതല്‍ക്ക് ഐപിഎല്ലിന്‍റെ ഭാഗമായിരുന്ന ഫ്രാഞ്ചൈസിയാണ് ആരാധകര്‍ ആര്‍സിബി എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ നഗരത്തിന്‍റെ 2014-ല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പേര് ബംഗളൂരു എന്നാക്കി മാറ്റിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ പേരിലൊരു മാറ്റത്തിന് മുതിര്‍ന്നിരുന്നില്ല.
ALSO READ: നായകനും വന്നു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനൊപ്പം ചേര്‍ന്ന് ശ്രേയസ് അയ്യര്‍
എന്നാല്‍ പുതിയ സീസണില്‍ 'റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍' എന്ന പേര് 'റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു' എന്നാക്കിയേക്കുമെന്നാണ് നിലവില്‍ ഫ്രാഞ്ചൈസി സൂചന നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രൊമോ വീഡോ ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു.
കന്നഡ സൂപ്പര്‍ സ്റ്റാര്‍ റിഷഭ് ഷെട്ടിയാണ് (Rishab Shetty) പ്രധാന ആകര്‍ഷണം. റോയല്‍-ചലഞ്ചേഴ്‌സ്-ബാംഗ്ലൂര്‍ എന്നിങ്ങനെ എഴുതിയ തുണികള്‍ പുറത്തിട്ട മൂന്ന് പോത്തുകളുടെ അടുത്തേക്ക് റിഷഭ് ഷെട്ടി നടന്നെത്തും 'ബാംഗ്ലൂര്‍' എന്ന് എഴുതിയിരിക്കുന്ന മൂന്നാമത്തെ പോത്തിന് അടുത്തെത്തി അതിനെ തള്ളിമാറ്റിക്കൊണ്ട് ഇത് വേണ്ടെന്ന് പറയുന്നതുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. 'അൺബോക്‌സ്' ഡേയിലാണ് തങ്ങളുടെ പുതിയ പേരും ആര്‍സിബി ഔദ്യോഗികമായി പ്രഖ്യാപിക്കുക.