മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) കളിക്കളത്തിന് അകത്ത് പൊളിച്ചടുക്കിയ റെക്കോഡുകള്‍ നിരവധിയാണ്. കളിക്കളത്തിന് പുറത്തായാലും ഇക്കാര്യത്തില്‍ താരം പിന്നിലല്ല. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ മറ്റൊരു റെക്കോഡിട്ടിരിക്കുകയാണ് കിങ് കോലി.
ഇൻസ്റ്റാഗ്രാമിൽ ആറ് പോസ്റ്റുകളിൽ 10 ദശലക്ഷത്തിലധികം ലൈക്കുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡാണ് 35-കാന്‍ സ്വന്തമാക്കിയിരിക്കുന്നത്. തന്‍റെ രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനം അറിയിച്ച് അടുത്തിടെ വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് ആരാധകരുടെ ലൈക്ക് പ്രളയമാണ് ലഭിച്ചത്. പ്രസ്‌തു പോസ്റ്റിലെ ലൈക്കുകളുടെ എണ്ണം 10 ദശലക്ഷത്തിലധികമായതോടെയാണ് കോലി റെക്കോഡിട്ടിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യാക്കാരനെന്ന റെക്കോഡ് ഇതിനകം തന്നെ കോലിയ്‌ക്ക് സ്വന്തമാണ്. നിലവില്‍ 266 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ കോലിയെ പിന്തുടരുന്നത്. അതേസമയം തങ്ങളുടെ ആണ്‍കുഞ്ഞിന് കുഞ്ഞിന് 'അകായ്' (Akaay) എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ആരാധകരുടെ ആശംസ തേടിയുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും (Anushka Sharma) അറിയിച്ചിരുന്നു.
ഫെബ്രുവരി 15-നാണ് അകായ് ജനിച്ചതെന്നും പ്രസ്‌തുത പോസ്റ്റില്‍ കോലി 'വിരുഷ്‌ക' ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. വിരാട് കോലി- അനുഷ്‌ക ശര്‍മ ദമ്പതികളുടെ ആദ്യ കുഞ്ഞ് വാമികയ്‌ക്ക് ഇപ്പോള്‍ മൂന്ന് വയസാണ് പ്രായം. 2017 ഡിസംബറിലായിരുന്നു അനുഷ്‌കയും കോലിയും വിവാഹിതരായത്.
അതേസമയം, ഇംഗ്ലണ്ടിനെതിരെ (India vs England) പുരോഗമിക്കുന്ന അഞ്ച് മത്സര ടെസ്റ്റ പരമ്പരയില്‍ നിന്നും പൂര്‍ണായി വിട്ടുനില്‍ക്കുകയാണ് വിരാട് കോലി. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപന വേളയില്‍ വ്യക്തിപരമായ കാരങ്ങളാല്‍ കോലി കളിയ്‌ക്കുന്നില്ലെന്ന് സെലക്‌ടര്‍മാര്‍ അറിയിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് പിന്മാറ്റമെന്ന് ഇതിന് പിന്നാലെ റിപ്പോര്‍ട്ടുകളും വന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ സഹതാരമായിരുന്ന കോലിയുടെ അടുത്ത സുഹൃത്ത് എബി ഡിവില്ലിയേഴ്‌സ് ഇക്കാര്യം തന്‍റെ യൂട്യൂബ് ചാനലിലൂടെ പറയുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് താരം തന്‍റെ പ്രസ്‌താവന തിരുത്തുകയും തനിക്ക് തെറ്റു പറ്റിയതായി പറയുകയും ചെയ്‌തു. വിരാട് കോലിയുടെ കുടുംബത്തില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ലെന്നും ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനായ എബി ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മത്സരങ്ങളിലും 35-കാരന്‍ കളിക്കുന്നില്ലെന്ന് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചു. കോലിയുടെ തീരുമാനത്തെ ബഹുമാനിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നതായും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയതിന് ശേഷം ഇതാദ്യമായാണ് കോലി ഒരു ടെസ്റ്റ് പരമ്പരയില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുന്നത്.
ALSO READ: തെങ്ങിന്‍റെ മടല്‍ ഉപയോഗിച്ചാണ് കളിച്ച് തുടങ്ങിയത്, ഇപ്പോള്‍ സ്വപ്‌നം ഇന്ത്യന്‍ ടീം : മനസുതുറന്ന് സജന
വരാനിരിക്കുന്ന ഐപിഎല്ലിലൂടെയാവും ഇനി കോലി കളക്കളത്തിലേക്ക് മടങ്ങിയെത്തുക. മാര്‍ച്ച് 22-നാണ് ഐപിഎല്‍ 2024 സീസണിന് ആരംഭിക്കുന്നത്. ഉദ്‌ഘാടന മത്സരത്തില്‍ കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സിന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളി.