ന്യൂയോര്‍ക്ക് : ഐപിഎല്ലിന് പിന്നാലെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്‍റെ അംബാസഡറായി സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോള്‍ട്ട്. ജമൈക്കയുടെ സൂപ്പര്‍ താരത്തെ കുട്ടി ക്രിക്കറ്റ് പൂരത്തിന്‍റെ അംബാസഡറായി തെരഞ്ഞെടുത്ത കാര്യം കഴിഞ്ഞ ദിവസമാണ് ഐസിസി അറിയിച്ചത്. യുഎസ്, വെസ്റ്റ് ഇൻഡീസ് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് ജൂണ്‍ ഒന്നിന് ആരംഭിക്കും.
2008, 2012, 2016 വര്‍ഷങ്ങളില്‍ ഒളിമ്പിക്‌സിലെ 100, 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയത് ഉസൈൻ ബോള്‍ട്ടാണ്. ഈ രണ്ട് ഇനങ്ങളിലെയും ലോക റെക്കോഡും ബോള്‍ട്ടിന്‍റെ പേരിലാണ്. ക്രിക്കറ്റിനെ ജീവിതത്തിന്‍റെ ഭാഗമായി കരുതുന്ന കരീബിയൻ ദ്വീപില്‍ ജനിച്ച തനിക്ക് ടി20 ലോകകപ്പിന്‍റെ അംബാസഡറാവുക എന്നത് അഭിമാനമാണെന്നായിരുന്നു ഐസിസി പ്രഖ്യാപനത്തിന് ബോള്‍ട്ടിന്‍റെ പ്രതികരണം.
'ടി20 ലോകകപ്പിന്‍റെ അംബാസഡറാകുന്നതിന്‍റെ ത്രില്ലിലാണ് ഞാൻ. ക്രിക്കറ്റ് ജീവിതത്തിന്‍റെ പ്രത്യേക ഭാഗമായി കരുതുന്നവരുടെ കരീബിയൻ ദ്വീപില്‍ ജനിച്ച് വളര്‍ന്നതുകൊണ്ട് തന്നെ ഈ കായിക ഇനത്തിന് എന്‍റെ ഹൃദയത്തിലും പ്രത്യേക സ്ഥാനമാണ് ഉള്ളത്. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ മത്സരങ്ങള്‍ കാണാൻ ഞാൻ കാത്തിരിക്കുകയാണ്. കൂടാതെ, ആഗോള തലത്തില്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്‌ക്കായി സംഭാവന നല്‍കാനും ഞാൻ ആഗ്രഹിക്കുന്നു' - ഉസൈൻ ബോള്‍ട്ട് അഭിപ്രായപ്പെട്ടു.
ബ്രാൻഡ് അംബാസഡര്‍ എന്ന നിലയില്‍ ലോകകപ്പ് പ്രചാരണങ്ങളില്‍ സുപ്രധാന പങ്കായിരിക്കും ബോള്‍ട്ട് വഹിക്കുക. അടുത്ത വാരം പുറത്തിറക്കുന്ന ലോകകപ്പ് ഔദ്യോഗിക വീഡിയോ ഗാനത്തില്‍ കാമിയോ റോളില്‍ ബോള്‍ട്ട് പ്രത്യക്ഷപ്പെടും എന്നും റിപ്പോര്‍ട്ടുകളുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന മത്സരങ്ങളില്‍ താരത്തിന്‍റെ സാന്നിധ്യവും ഉണ്ടായിരിക്കും.
യുഎസ്എയില്‍ ക്രിക്കറ്റിന്‍റെ പ്രചരണാര്‍ഥം ആരാധകരുമായുള്ള വിവിധ പരിപാടികളിലും ബോള്‍ട്ട് പങ്കെടുക്കുന്നുണ്ട്. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ 40 മത്സരങ്ങളാണ് ഉള്ളത്. ഇതില്‍ 16 മത്സരങ്ങള്‍ അമേരിക്കയിലെ ഡാളസ്, ഫ്ലോറിഡ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് നടക്കുക. ജൂണ്‍ 9ന് ന്യൂയോര്‍ക്കിലാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം.
ആകെ 20 ടീമുകളാണ് ഇക്കുറി ലോകകപ്പില്‍ പങ്കെടുക്കുന്നത്. അഞ്ച് ടീമുകള്‍ അടങ്ങിയ നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കുക. ആദ്യ റൗണ്ടില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്‍റ് നേടുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ എട്ടില്‍ കടക്കും. ജൂണ്‍ 26, 27 തീയതികളില്‍ സെമിയും 29ന് ലോകകപ്പിന്‍റെ ഫൈനലും നടക്കും.