ടെക്‌സസ് : ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി യുഎസ്‌എ. ടെക്‌സസിലെ പ്രിയറി വ്യൂ കോംപ്ലക്‌സില്‍ നടന്ന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആറ് റണ്‍സിനാണ് യുഎസിന്‍റെ ജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത യുഎസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന്‍റെ പോരാട്ടം 19.3 ഓവറില്‍ 138 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ അലി ഖാന്‍റെ പ്രകടനമാണ് യുഎസിന് മത്സരത്തില്‍ ജയമൊരുക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി 2-0ന് മുന്നിലെത്താൻ അമേരിക്കയ്‌ക്കായി.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു യുഎസിന്‍റെ ജയം. ഇതേ വേദിയില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ മറികടന്നാണ് യുഎസ് അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മുൻ ന്യൂസിലന്‍ഡ് താരം കോറി ആൻഡേഴ്‌സണ്‍, ഹര്‍മീത് സിങ് എന്നിവരുടെ മികവിലായിരുന്നു മത്സരത്തില്‍ യുഎസിന്‍റെ ജയം.
അതേസമയം, പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ യുഎസ്‌എയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത് മോനക് പട്ടേല്‍ (42), ആരോണ്‍ ജോണ്‍സ് (35), സ്റ്റീവൻ ടെയ്‌ലര്‍ (31) എന്നിവരുടെ പ്രകടനങ്ങളാണ്. ബംഗ്ലാദേശിനായി പന്തെറിഞ്ഞ റിഷാദ് ഹൊസൈൻ, ഷൊറിഫുള്‍ ഇസ്‌ലാം, മുസ്‌തഫിസുര്‍ റഹ്മാൻ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
145 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് ഓപ്പണര്‍ സൗമ്യ സര്‍ക്കാറെ അവര്‍ക്ക് നഷ്‌ടമായി. അഞ്ചാം ഓവറില്‍ തൻസിദ് ഹസനും (19) മടങ്ങി. ക്യാപ്റ്റൻ നജ്‌മുള്‍ ഹൊസൈൻ ഷാന്‍റോ (36), തൗഹിദ് ഹൃദോയ് സഖ്യത്തിന്‍റെ കൂട്ടുകെട്ടില്‍ ബംഗ്ലാദേശ് സ്കോര്‍ 50 കടന്നു.
11-ാം ഓവറില്‍ സ്കോര്‍ 78ല്‍ നില്‍ക്കെ ഷാന്‍റോ റണ്‍ഔട്ടായി. പിന്നാലെ എത്തിയ ഷാക്കിബ് അല്‍ ഹസനും (30) ഭേദപ്പെട്ട പ്രകടനം നടത്തി. 13-ാം ഓവറില്‍ ഹൃദോയ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ആര്‍ക്കും തിളങ്ങാനായില്ല. മഹ്മദുള്ള (3), ജേക്കര്‍ അലി (4), റിഷാദ് ഹൊസൈൻ (9), തൻസിം ഹസൻ സക്കിബ് (0), ഷൊറിഫുള്‍ ഇസ്‌ലം (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മൂന്ന് പന്തില്‍ ഒരു റണ്‍സ് നേടിയ മുസ്‌തഫിസുര്‍ റഹ്മാൻ പുറത്താകാതെ നിന്നു.