തിരുവനന്തപുരം: പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യന്‍ അഭിമാനമായ ഇതിഹാസ ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇന്ത്യന്‍ ഹോക്കി ടീമിലെ മറ്റു താരങ്ങള്‍ക്ക് അതത് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീജേഷിന് രണ്ട് കോടി രൂപ നല്‍കാന്‍ തീരുമാനമായത്. ടോക്യോ ഒളിമ്പിക്‌സിനു പിന്നാലെ പാരീസിലും ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടി.
പാരീസിലെ ബ്രിട്ടനെതിരായ വെങ്കലമെഡല്‍ മത്സരത്തോടെ രാജ്യാന്തര ഹോക്കിയില്‍ നിന്നും പി.ആര്‍ ശ്രീജേഷ് വിരമിച്ചിരുന്നു. താരത്തോടുള്ള ആദര സൂചകമായി ഇന്ത്യന്‍ സീനിയര്‍ ഹോക്കി ടീമില്‍ അദ്ദേഹം ധരിച്ചിരുന്ന 16ാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു.
ഒളിമ്പിക് മെഡല്‍ നേട്ടവുമായി മടങ്ങിയെത്തിയ ശ്രീജേഷിന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കിയിരുന്നു. കഴിഞ്ഞ പത്തൊമ്പത് വർഷവും കളി ജയിക്കുന്നതിനെ കുറിച്ച് മാത്രമാണ് താൻ ചിന്തിച്ചതെന്ന് ശ്രീജേഷ് സ്വീകരണത്തിനിടെ പറഞ്ഞു. വിരമിച്ചെങ്കിലും ഹോക്കി രംഗത്ത് ശ്രീജേഷുണ്ടാവും.ഹോക്കി ജൂനിയര്‍ ടീമിന്‍റെ പരിശീലകനായി ശ്രീജേഷിനെ നിയമിക്കുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചു.
Also Read: 2024ലെ ടി20 ലോകകപ്പിൽ അഫ്‌ഗാനിസ്ഥാനെ ചതിച്ചോ? സത്യം പുറത്ത് - Afghanistan Cricket Team