ദുബായ്: നിലവില്‍ ലോകത്തെ ഒന്നാം നമ്പർ ടി 20 ബാറ്ററാണ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. പരിക്കേറ്റ് ചികിത്സയിലാണെങ്കിലും ഇന്ത്യയുടെ ലോകകപ്പ് പ്ലാനിലും മുംബൈ ഇന്ത്യൻസിന്‍റെ ഐപിഎല്‍ ടീമിലും സൂര്യ പ്രധാന താരവുമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാന്നസ്ബർഗിൽ നടന്ന മൂന്നാം ടി20യിലായിരുന്നു 'സ്കൈ'യുടെ കണങ്കാലിന് പരിക്കേറ്റത്.
ടി20 പരമ്പരയില്‍ ഇന്ത്യൻ ടീമിന്‍റെ നായകനും സൂര്യയായിരുന്നു. എന്നാല്‍ ഐസിസി ടി20 ടീം ഓഫ് ദ ഇയർ 2023 പ്രഖ്യാപിച്ചപ്പോൾ അതിന്‍റെ നായകനായി സൂര്യയെ പ്രഖ്യാപിക്കാൻ ഐസിസിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇന്ത്യയില്‍ നിനന് സൂര്യയെ കൂടാതെ ഓപ്പണർ യശസ്വി ജയ്‌സ്‌വാൾ, ലെഗ് സ്‌പിന്നർ രവി ബിഷ്‌ണോയി, ഇടംകൈയൻ പേസർ അർഷദീപ് സിങ് എന്നിവരും ടീമിലുൾപ്പെട്ടു. വെസ്റ്റിന്ത്യൻ താരം നിക്കോളാസ് പുരാനാണ് വിക്കറ്റ് കീപ്പർ. യശസ്വിക്കൊപ്പം വലംകൈയൻ ഇംഗ്ലീഷ് ബാറ്റർ ഫില്‍ സാൾട്ട് ഓപ്പണറാകും. പുരാനും സൂര്യയ്ക്കും ശേഷം കിവീസ് ബാറ്റർ മാർക് ചാപ്‌മാൻ, സിംബാബ്‌വെ ഓൾറൗണ്ടർ സിക്കന്ദർ റാസ എന്നിവർ യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനെത്തും.
2023ല്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമുകളിലൊന്നാണ് ഉഗാണ്ട. ആഫ്രിക്കൻ ടീമിനെ ടി20 ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ മികച്ച പങ്ക് വഹിച്ച ഓൾറൗണ്ടർ അല്‍പേഷ് രാജാമണി ആണ് ഏഴാം നമ്പറില്‍ ഐസിസി ടീം ഓഫ് ദ ഇയറിലേക്ക് തെരഞ്ഞെടുത്തത്. അതിന് ശേഷം അയർലണ്ടിന്‍റെ ബൗളിങ് ഓൾറൗണ്ടർ മാർക് അദിർ, ഇന്ത്യയുടെ രവി ബിഷ്‌ണോയി, അർഷദീപ്, സിംബാബ്‌വെ പേസ് ബൗളർ റിച്ചാർഡ് എൻഗരവ എന്നിവരും ടീമിന്‍റെ ഭാഗമാകും.