ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയം തേടി ടീം ഇന്ത്യ ഇന്നിറങ്ങുന്നു. സഹആതിഥേയരായ അമേരിക്കയാണ് എതിരാളി. ന്യൂയോർക്കിലെ നാസോ കൗണ്ടി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്.
ഗ്രൂപ്പ് എയില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീമുകളാണ് ഇന്ത്യയും അമേരിക്കയും. ഇന്ന് ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ എട്ട് ഉറപ്പിക്കാം. തോല്‍ക്കുന്നവര്‍ക്ക് കാത്തിരിക്കേണ്ടി വരും.
ആദ്യ മത്സരത്തില്‍ അയല്‍ലന്‍ഡിനേയും പിന്നെ പാകിസ്ഥാനെയും തോല്‍പ്പിച്ചാണ് രോഹിത് ശര്‍യമും സംഘവും എത്തുന്നത്. പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ മത്സരങ്ങളില്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ തുടങ്ങിയവര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പന്തെറിയാത്ത സാഹചര്യത്തില്‍ ദുബെയെ പുറത്തിരുത്തിയാല്‍ യശസ്വി ജയ്‌സ്വാളിനോ സഞ്‌ജു സാംസണിനോ അവസരം ലഭിച്ചേക്കും.
ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജുള്‍പ്പെടെയുള്ള താരങ്ങള്‍ മികച്ച രീതിയില്‍ പന്തെറിയുന്നതിനാല്‍ ബോളിങ് യൂണിറ്റില്‍ ഇന്ത്യയ്‌ക്ക് ആശങ്കകളില്ല. കളി മികവ് നോക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് ഒത്ത എതിരാളിയല്ല അമേരിക്ക. എന്നാല്‍ നാസോയിലെ പിച്ച് പ്രവചാനാതീതമായി തുടരുന്നതിനാല്‍ റണ്‍സ് കണ്ടെത്തുക ബാറ്റര്‍മാരെ സംബന്ധിച്ച് പ്രയാസം തന്നെയാവും.
മറുവശത്ത് ആദ്യ മത്സരത്തില്‍ കാനഡയെ തോല്‍പ്പിച്ച അമേരിക്ക പിന്നീട് പാകിസ്ഥാനെ അട്ടിമറിച്ചിരുന്നു. സൂപ്പര്‍ ഓവറിലായിരുന്നു കരുത്തരായ പാകിസ്ഥാനെ അമേരിക്ക പിടിച്ച് കെട്ടിയത്. ഇന്ത്യയ്‌ക്ക് എതിരെ ഇറങ്ങുമ്പോള്‍ ആതിഥേയര്‍ക്ക് പാകിസ്ഥാനെതിരായ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമാകില്ലെന്നുറപ്പ്.
മറ്റൊരു രസകരമായ കാര്യമെന്തെന്നാല്‍ ഒരു 'മിനി ഇന്ത്യ'യാണ് അമേരിക്കന്‍ ടീം. ക്യാപ്റ്റൻ മോനക് പട്ടേൽ അടക്കം അമേരിക്കയുടെ 15 അംഗ സ്‌ക്വാഡിലെ ഒമ്പതുപേരും ഇന്ത്യന്‍ വംശജരാണ്. ഇതില്‍ ആറ് പേര്‍ ഇന്ന് കളത്തിലേക്ക് എത്തിയേക്കും.
മത്സരത്തിന് മഴ ഭീഷണിയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലുമാണ് ഇന്ത്യ- അമേരിക്ക മത്സരം തത്സമയം കാണാന്‍ കഴിയുക. ടി20 ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇന്ത്യയും അമേരിക്കയും നേര്‍ക്കുനേര്‍ എത്തുന്ന ആദ്യ മത്സരം കൂടിയാണിത്.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ശിവം ദുബെ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
റിസര്‍വ് താരങ്ങള്‍: ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്.