കിങ്‌സ്‌ടൗണ്‍: ടി20 ലോകകപ്പ് 2024 സൂപ്പര്‍ 8 ലൈനപ്പായി. പ്രാഥമിക റൗണ്ടില്‍ അഞ്ച് ഗ്രൂപ്പുകളിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുന്നത്. ഗ്രൂപ്പ് ഡിയില്‍ നിന്നും ബംഗ്ലാദേശാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയ അവസാന ടീം.
ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, യുഎസ്എ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകള്‍ നേരത്തെ തന്നെ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയിരുന്നു. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായാണ് സൂപ്പര്‍ 8 മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലും കൂടുതല്‍ പോയിന്‍റ് നേടുന്ന രണ്ട് ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും.
- ഗ്രൂപ്പ് 1 : ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്
- ഗ്രൂപ്പ് 2 : ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, യുഎസ്എ
ലോകകപ്പിലെ പ്രാഥമിക റൗണ്ടില്‍ ഇനി രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് - പാപുവ ന്യൂ ഗിനിയയേയും വെസ്റ്റ് ഇൻഡീസ് - അഫ്‌ഗാനിസ്ഥാനെയും നേരിടും. വിന്‍ഡീസ് അഫ്‌ഗാൻ പോരാട്ടത്തോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും.
ജൂണ്‍ 19നാണ് സൂപ്പര്‍ 8ലെ മത്സരങ്ങള്‍ തുടങ്ങുന്നത്. മൂന്ന് വീതം മത്സരങ്ങളാകും സൂപ്പര്‍ എട്ടില്‍ ഓരോ ടീമും കളിക്കുക. രണ്ടാം ഗ്രൂപ്പിലെ ദക്ഷിണാഫ്രിക്കയും യുഎസ്‌എയും തമ്മിലാണ് രണ്ടാം റൗണ്ടില്‍ ആദ്യ മത്സരം.
സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. കെൻസിങ്ടണ്‍ ഓവലില്‍ ജൂണ്‍ 20ന് രാത്രി എട്ടിനാണ് ഈ മത്സരം. ഇതിന് പിന്നാലെ, ജൂണ്‍ 22ന് ബംഗ്ലാദേശിനെയും 24ന് ഓസ്‌ട്രേലിയയേയും രോഹിത് ശര്‍മയും സംഘവും നേരിടും.