മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര (India vs England Test) വിജയത്തിന് പിന്നാലെ രോഹിത് ശര്‍മയുടെ (Rohit Sharma) ക്യാപ്റ്റന്‍സിയെ പുകഴ്‌ത്തി ഇന്ത്യയുടെ മുന്‍ താരം സുരേഷ് റെയ്‌ന (Suresh Raina). രോഹിത് ഏറെ മികച്ചൊരു ക്യാപ്റ്റനാണ്. യുവതാരങ്ങൾക്ക് അവസരം നല്‍കി ശരിയായ ദിശയിലാണ് 36-കാരന്‍ ടീമിനെ മുന്നോട്ട് നയിക്കുന്നതെന്നും സുരേഷ് റെയ്‌ന പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ മുന്‍ താരത്തിന്‍റെ പ്രതികരണം. ഇന്ത്യയുടെ അടുത്ത എംഎസ് ധോണിയാണ് (MS Dhoni) രോഹിത്തെന്നും റെയ്‌ന പറഞ്ഞു. "രോഹിത് ഇന്ത്യയുടെ അടുത്ത എംഎസ് ധോണിയാണ്. ക്യാപ്റ്റന്‍സി മികച്ച രീതിയിലാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എംഎസ് ധോണി ചെയ്തതുപോലെ തന്നെ യുവതാരങ്ങൾക്ക് അദ്ദേഹം ധാരാളം അവസരങ്ങൾ നൽകുന്നുണ്ട്.
ധോണിക്ക് കീഴിൽ ഞാൻ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. സൗരവ് ഗാംഗുലിയും തന്‍റെ ടീമിനെ വളരെയധികം പിന്തുണച്ചിരുന്നു. ഗാംഗുലിക്ക് ശേഷം ധോണി വന്നു. ടീമിനെ മുന്നില്‍ നിന്നാണ് ധോണി നയിച്ചത്. രോഹിത് ശരിയായ ദിശയിലാണ് പോകുന്നത്. അദ്ദേഹം ഒരു മിടുക്കനായ ക്യാപ്റ്റനാണ്"- സുരേഷ് റെയ്‌ന പറഞ്ഞു.
കളിക്കാരുടെ ജോലി ഭാരം ക്രമീകരിക്കുന്നതിലുള്ള മികച്ച ആസൂത്രണത്തിനും യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയതിനും രോഹിത്തിനെ അഭിനന്ദിക്കുന്നതായും സുരേഷ് റെയ്‌ന പറഞ്ഞു. ഇക്കാര്യത്തില്‍ രോഹിത് കാണിച്ച മികവിന് ഉദാഹരണമാണ് ജസ്‌പ്രീത് ബുംറയ്‌ക്ക് വിശ്രമം നല്‍കിയപ്പോള്‍ ആകാശ് ദീപിന് അവരം നല്‍കിയ തീരുമാനമെന്നും റെയ്‌ന ചൂണ്ടിക്കാട്ടുകയും ചെയ്‌തു.
"തന്‍റെ ആസൂത്രണ മികവിനാല്‍ രോഹിത് അദ്ഭുതപ്പെടുത്തുന്നു. അദ്ദേഹം യുവാക്കൾക്ക് ധാരാളം അവസരങ്ങൾ നൽകുന്നുണ്ട്. കളിക്കാരെ അദ്ദേഹം റൊട്ടേറ്റ് ചെയ്യുന്ന രീതി മികച്ചതാണ്. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കണ്ടിട്ടില്ലാത്ത കാര്യമാണത്.
നായകനാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും നിങ്ങൾ ഇന്ത്യയിൽ കളിക്കുമ്പോൾ. നേരത്തെ ഒരു ഫാസ്റ്റ് ബോളറും 3-4 സ്പിന്നർമാരുമായിരുന്നു കളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ട് പേസര്‍മാരെ കളിപ്പിക്കുന്നു. അദ്ദേഹം സിറാജിനെയും ബുംറയെയും കൊണ്ടുവന്നു. ജോലി ഭാരം ക്രമീകരിക്കുന്നതിനായി ബുംറയ്‌ക്ക് വിശ്രമം നല്‍കി. ശേഷം ആകാശ് ദീപിന് അരങ്ങേറ്റത്തിന് അവസരം നല്‍കി" സുരേഷ് റെയ്‌ന പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പര നാല് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ 3-1നാണ് ഇന്ത്യ ഇറപ്പിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് വിജയിച്ച ഇംഗ്ലണ്ടിനെതിരെ തുടര്‍ന്നുള്ള മൂന്ന മത്സരങ്ങളും വിജയിച്ചായിരുന്നു ഇന്ത്യയുടെ പ്രതികാരം. ഇതോടെ ബാസ്‌ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്ന ആദ്യ ക്യാപ്റ്റനായും രോഹിത് ശര്‍മ മാറി.
ALSO READ: 'ധരംശാലയില്‍ രവിചന്ദ്രൻ അശ്വിന് പുതിയ റോള്‍ നല്‍കണം' ; ആവശ്യവുമായി സുനില്‍ ഗവാസ്‌കര്‍