മുംബൈ: മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍സി വിവാദം അവസാനിക്കുന്നേയില്ല. ഫ്രാഞ്ചൈസിക്ക് അഞ്ച് കിരീടങ്ങള്‍ നേടി നല്‍കിയ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ചുമതല നല്‍കിയ മാനേജ്‌മെന്‍റിന്‍റെ തീരുമാനം ആരാധകര്‍ ഇപ്പോഴും മനസുകൊണ്ട് അംഗീകരിച്ചിട്ടില്ല. കളിക്കളങ്ങില്‍ വച്ച് നിരവധി തവണയാണ് ആരാധകരുടെ പ്രതിഷേധത്തിന് ഹാര്‍ദിക് ഇരയായിട്ടുള്ളത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍താരം സുരേഷ് റെയ്‌ന. ആരാധകരുടെ രോഷം മനസിലാകുമെങ്കിലും വ്യക്തിപരമായ രീതിയില്‍ ഹാർദിക്കിനെയോ കുടുംബത്തെയോ വിഷയത്തിൽ ഉൾപ്പെടുത്തരുതെന്നാണ് റെയ്‌ന പറയുന്നത്. മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായി രോഹിത് തുടരണമായിരുന്നുവെന്നും സുരേഷ് റെയ്‌ന അഭിപ്രായപ്പെട്ടു.
"ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ എന്തുകൊണ്ടാണ് നീക്കിയതെന്ന് എനിക്കറിയില്ല. പക്ഷേ, മുംബൈ ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ അവർ വിജയിച്ചു.
എന്നാല്‍ വളരെ സത്യസന്ധമായി പറഞ്ഞാൽ, മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റനായി രോഹിത് തുടരണമായിരുന്നു. പക്ഷെ, എനിക്ക് തോന്നുന്നത് പ്രായം കുറഞ്ഞ ഒരു ക്യാപ്റ്റനെയാണ് മാനേജ്‌മെന്‍റ് നോക്കിയതെന്നാണ്. രോഹിത്തിന്‍റെ പ്രായം ഇപ്പോള്‍ മുപ്പത്തിയാറോ മുപ്പത്തിഏഴോ വയസാണ്" ഒരു അഭിമുഖത്തില്‍ സുരേഷ് റെയ്‌ന പറഞ്ഞു.
ടീം ഇന്ത്യയുടെ ക്യാപ്റ്റനായി തുടരുന്ന ഒരാള്‍ ഫ്രാഞ്ചൈസിയെ നയിക്കുന്നത് എന്തുകൊണ്ട് ശരിയാവില്ല, എന്ന ചോദ്യത്തോട് റെയ്‌നയുടെ പ്രതികരണം ഇങ്ങനെ... "ഞാനും ചോദിക്കുന്നത് ഇതേ കാര്യമാണ്. എന്നാല്‍ മാനേജ്‌മെന്‍റ് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഇപ്പോഴും നമ്മള്‍ സീസണിന്‍റെ തുടക്കത്തില്‍ തന്നെയാണ് നില്‍ക്കുന്നത്.
മുംബൈ മാനേജ്‌മെന്‍റിന്‍റെ തീരുമാനം ശരിയാണോയെന്ന് കാലത്തിന് മാത്രമേ പറയാന്‍ കഴിയൂ. എന്നാല്‍ ടീം ഇനി മൂന്നോ നാലോ മത്സരങ്ങള്‍ കൂടി തോല്‍ക്കുകയാണെങ്കില്‍ രോഹിതിനെ വീണ്ടും ക്യാപ്റ്റനായി നിയമിച്ചേക്കും" -സുരേഷ് റെയ്‌ന പറഞ്ഞു നിര്‍ത്തി.
അതേസമയം രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ വിശദീകരണവുമായി ഇന്ത്യയുടെ മുന്‍ താരമായിരുന്ന റോബിന്‍ ഉത്തപ്പ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ബാറ്ററായും ക്യാപ്റ്റനായും രോഹിത് പരാജയമായിരുന്നു. മൂന്ന് സീസണുകളില്‍ ക്യാപ്റ്റനായും കളിക്കാരനായും മികവ് പുലര്‍ത്താന്‍ കഴിയാത്ത ഒരാളെ മാറ്റുക എന്നത് ഏതൊരു ഫ്രാഞ്ചൈസിയും എടുക്കുന്ന തീരുമാനമായിരിക്കുമെന്നുമായിരുന്നു ഉത്തപ്പ പറഞ്ഞത്.
2013- സീസണിന്‍റെ ഇടയ്‌ക്ക് വച്ച് റിക്കി പോണ്ടിങ്ങില്‍ നിന്നും രോഹിത് ചുമതല നല്‍കിയപ്പോള്‍ ടീമിലെ സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും ഹര്‍ഭജന്‍ സിങ്ങും പോണ്ടിങ്ങും താരത്തെ പിന്തുണച്ചിരുന്നുവെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.