തിരുവനന്തപുരം: ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള രണ്ടാം റൗണ്ടിലെ മൂന്നാം മത്സരത്തിൽ ട്രിവാൻഡ്രം കൊമ്പൻസ് നാളെ (സെപ്‌റ്റംബര്‍ 16) തൃശൂർ മാജിക് എഫ്‌സിയുമായി ഏറ്റുമുട്ടും. കാലിക്കറ്റ് എഫ് സിയുമായുള്ള ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ഓരോ ഗോളിന്‍റെ സമനിലയിലായിരുന്നു പിരിഞ്ഞത്. രണ്ടാം മത്സരത്തിൽ സ്വന്തം കാണികളുടെ മുന്നിലെത്തുമ്പോൾ ആദ്യ മത്സരത്തിൽ ടീമിന്‍റെ ഓട്ടേമർ ബിസ്‌പോയ്ക്കും പാപുയയ്ക്കും ലഭിച്ച മഞ്ഞ കാർഡുകൾ ടീമിനെ ബാധിച്ചിട്ടുണ്ട്.
ഹോം ഗ്രൗണ്ടിൽ വിജയം നേടിയാൽ ടീമിന് 3 പോയിന്‍റുകൾ ലഭിക്കും. ട്രിവാൻഡ്രം കൊമ്പൻസിന് പരിക്കിന്‍റെ ആശങ്കയില്ലെങ്കിലും അനുഭവ സമ്പന്നനായ സികെ വിനീതിന്‍റെ നേതൃത്വത്തിലാണ് നാളെ തൃശൂർ മാജിക് എഫ്‌സി പന്ത് തട്ടാനെത്തുന്നത്. കളിക്ക് മുന്നോടിയായി പുനരുദ്ധരിച്ച സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ ഇന്നലെ സ്വിച്ച് ഓൺ ചെയ്‌തിരുന്നു. ആദ്യ മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സുമായി 1-2ന് തോൽവി വഴങ്ങിയ തൃശൂർ മാജിക് എഫ്‌സിയുടെ അക്രമണ നീക്കങ്ങൾക്ക് പ്രധാന വെല്ലുവിളി കൊമ്പൻസിന്‍റെ ഗോൾ കീപ്പർ മൈക്കേൽ അമേരിക്കോയാണ്.
ട്രിവാൻഡ്രം കൊമ്പൻസിന്‍റെ നായകൻ പാട്രിക് മോത്ത നയിക്കുന്ന മധ്യനിരയും പ്രതിരോധ നിരയിൽ റെനാൻ ജനുവരിയോയുടെ സാന്നിധ്യവും തൃശൂരിന്‍റെ ആക്രമണ നീക്കങ്ങളെ സമ്മർദ്ദത്തിലാക്കും. ടിക്കറ്റുകൾ ക്ലബ്ബിന്‍റെ വെബ്സൈറ്റ് ആയ http://www.kombansfc.com/ നിന്നും കൂടാതെ insider.inൽ നിന്നും വാങ്ങാനാകും.
99 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് നിരക്ക് സീറ്റനുസരിച്ച് 500 രൂപ വരെ ലഭ്യമാണ്. സെനറ്റ് ഹാൾ പരിസരം, സാഫല്യം, പാളയം മാർക്കറ്റിന് പിന്നിലെ ബഹുനില പാർക്കിങ് എന്നിവിടങ്ങളിലാണ് കാണികൾക്കായുള്ള പാർക്കിങ് ക്രമീകരിച്ചിട്ടുള്ളത്.
സാധ്യത ടീമുകൾ:
തൃശൂർ മാജിക് എഫ്‌സി: ജെയിമി ജോയ് (ജികെ), മാസ്‌ലോ ടോസ്‌കനോ (ബ്രസീൽ ), അർജുൻ മാക്കോത് മോഹനൻ, എം മുഹമ്മദ് സഫ്‌നാദ്, സഞ്ജീവൻ ഘോഷ് (ജികെ ), അനുരാഗ് പിസി, സുജിത് വലിയപറമ്പിൽ രാജൻ, ഇമ്മാനുവൽ ഹോക്ക്, മെയിൽസൺ (ബ്രസീൽ ), ഹെന്ററി ആന്‍റണി, അഭിജിത് സർക്കാർ.
തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി: മൈക്കൽ അമേരിക്കോ, പവൻ കുമാർ (ജികെ ), റെനൻ ജനുവരിയോ, അഖിൽ ജെ ചന്ദ്രൻ, അബ്‌ദുൽ ബാധിഷ്, സീസൻ എസ്, പാട്രിക് മോത്ത (ക്യാപ്റ്റൻ), ഓട്ടേമർ ബിസ്‌പോ, വിഷ്‌ണു ടിഎം, മുഹമ്മദ് ആഷർ, ഷിനു ആർ, അക്‌മൽ ഷാൻ, മാർക്കോസ് വൈൽഡർ, ഡാവി കുൻ, ഷിഹാദ് നെല്ലിപറമ്പൻ, പോൾ രാംഫാൻസൗവ, ആന്‍റണി രാജു, മനോജ് എം, ലാൽ മംഗയി സംഗ (പാപുയി). വൈഷ്‌ണവ് പി.
Also Read: ആലപ്പി റിപ്പിള്‍സിന് മേല്‍ 'ആഞ്ഞടിച്ച്' വിഷ്‌ണു വിനോദ്; 33 പന്തില്‍ സെഞ്ചുറി